ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 24 നവംബര്‍ 2015 (18:10 IST)
സമുദ്രമേഖലയുടെ സംരക്ഷണം ഓരോ രാജ്യത്തിനു അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് യുദ്ധവും മറ്റും ഉണ്ടാകുമ്പോള്‍. ഇത്തരം അവസരത്തില്‍ നാവിക ശക്തിയേ തന്നെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്ക് സാധിക്കും. അന്തര്‍വാഹിനികള്‍ ഉപയോഗിച്ച് ശത്രുക്കള്‍ നമ്മുടെ സൈനിക ശക്തിയേ തന്നെ പൊളിച്ചടുഇക്കിയെന്ന് വരും. ഇതൊഴിവാക്കാന്‍ ഇന്ത്യ സ്വന്തമായി പ്രതിരോധ സംവിധാനം വികസിപ്പിച്ചുകഴിഞ്ഞു.
അന്തർവാഹിനികളെയും കപ്പലുകളെയും കടലിനടിയിലൂടെയെത്തുന്ന ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്ന പുതിയ സംവിധാനത്തെ 'മരിച് ' എന്നാണ് വിളിക്കുന്നത്. വിശാഖപട്ടണം, നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി (Naval Science and Technological Laboratory - NSTL) ആണ് വികസിപ്പിച്ചെടുത്തത് മരിചിനെ സൃഷ്ടിച്ചത്. പൂര്‍ണമായും തദ്ദേശീയമായാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
ശത്രുക്കൾ തൊടുക്കുന്ന ബോംബുകളെ ആദ്യം മനസിലാക്കുന്ന മരീച് അവയുടെ ഗതി മാറ്റിവിട്ടാണ് കപ്പലിനെ അപകടത്തിൽ നിന്നും രക്ഷിക്കുന്നത്. ഇങ്ങനെ ഗതിമാറ്റി വിടുന്നതിലൂടെ ശത്രുബോംബുകളുടെ വീര്യം നശിപ്പിച്ച് അവ ലക്ഷ്യസ്ഥാനത്ത് എത്താതെ മരീച് പ്രതിരോധിക്കുന്നു. ശത്രുക്കള്‍ തൊടുക്കുന്ന അത്യുഗ്ര ശേഷിയുള്ള സ്വയം ദിശ കണ്ടെത്താന്‍ കഴിയുന്ന ടോര്‍പിഡോകളെ തകര്‍ക്കാന്‍ മരിച് സര്‍വ്വ സജ്ജമാണ്.
ശത്രുകപ്പലുകളുടെ സഞ്ചാരദിശ കൃത്യമായി മനസിലാക്കി ആക്രമണം നടത്താൻ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് ടോർപിഡോകൾ. വെള്ളത്തിനടിയിലും ജലോപരിതലത്തിലും ഉപയോഗയോഗ്യമെങ്കിലും ടോർപിഡോകൾ കൂടുതലും സമുദ്രാന്തർ യുദ്ധങ്ങളിലാണ് ഉപയോഗിക്കപ്പെടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മരീച് സിസ്റ്റം ഇന്ത്യൻ നേവിയുടെ രണ്ടു കപ്പലുകളിൽ കുറച്ചു നാളുകളായി ഉപയോഗിച്ചു വരികയാണ്.
മരീച് എന്നു പേരിട്ടിരിക്കുന്ന ഈ അഡ്‌വാൻസ്ഡ് ടോർപിഡോ ഡിഫൻസ് സിസ്റ്റം (ATDS) ദേശീയ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നേവിക്കു ശനിയാഴ്ച കൈമാറി. ഇതേ വേദിയിൽ പരീക്കർ സീകീപ്പിങ് ആൻഡ് മാന്യുവറിങ് ബേസിനും (Seakeeping and Maneuvering Basin -SMB) രാജ്യത്തിനു സമർപ്പിച്ചു.
ഡി ആർ ഡി ഒ-യും ഇന്ത്യൻ നേവിയും സംയുക്തമായാണ് എസ് എം ബി വികസിപ്പിച്ചെടുത്തത്. ഇതോടു കൂടി സമുദ്രാന്തർ വാഹിനികൾ, കപ്പലുകൾ, ടോർപിഡോകൾ എന്നിവ നിർമിക്കുവാനും പരീക്ഷിക്കാനും സജ്ജമായ ഏതാനും ചില ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും തങ്ങളുടെ പേര് എഴുതിച്ചേർത്തിരിക്കുകയാണ്.