അഭിറാം മനോഹർ|
Last Modified ശനി, 12 ഡിസംബര്‍ 2020 (09:10 IST)
കൊവിഡ് മഹാമാരിമൂലമുള്ള സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജിൽ നിന്ന് പത്ത് ശതമാനം തുകപോലും വിതരണം ചെയ്‌തിട്ടില്ലെന്ന് വിവരാവകാശ രേഖ. എട്ട് മാസങ്ങൾക്ക് മുൻപാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.
ഇതുവരെ സാമ്പത്തിക പാക്കേജിൽ നിന്നും എത്രതുക അനുവദിച്ചു എന്നറിയിക്കണമെന്നാവശ്യപ്പെട്ട് പുണെയിൽനിന്നുള്ള വ്യവസായി പ്രഫുൽ സർദയാണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്.പാക്കേജിന്റെ ഭാഗമായി ആത്മനിർഭർ അഭിയാനിൽപ്പെടുത്തി മൂന്നുലക്ഷം കോടി രൂപയുടെ അടിയന്തരവായ്പ (ഇ.സി.എൽ.ജി.എസ്.) അനുവദിച്ചുവെന്നും ഇതിൽ നിന്നും വിവിധ സംസ്ഥാനങ്ങൾക്ക് 1.20 ലക്ഷം കോടി വിതരണം ചെയ്‌തുവെന്നും വിവരാവകാശത്തിൽ പറയുന്നു. അതായത് അതായത് 130 കോടി ഇന്ത്യക്കാരിൽ ഒരാൾക്ക് എട്ടു രൂപ വെച്ച്.അതേ സമയം ഈ തുക തിരിച്ചടക്കേണ്ടതുമാണ്.
പദ്ധതിയനുസരിച്ച് 20 ലക്ഷം കോടിരൂപയിൽ നിന്നും 3 ലക്ഷം കോടി രൂപ മാത്രമാണ് ചിലവഴിച്ചതെങ്കിൽ ബാക്കി 17 ലക്ഷം കോടി രൂപ എന്തുചെയ്തുവെന്ന് പ്രഫുൽ സർദ ചോദിക്കുന്നു.