ന്യൂഡൽഹി|
VISHNU N L|
Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (10:38 IST)
കശ്മീരില്‍ നുഴഞ്ഞുകയറി ആക്രമണങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലും വിദൂര മേഖലകളിലും വ്യാപകമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ നീക്കാം തുടങ്ങിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പഞ്ചാബിലെ ഗുർദാസ്പൂരിൽ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണമാണ് ഐഎസ്ഐ ലക്ഷ്യമിടുന്നതെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിന് പുറത്തേക്കും ആക്രമണങ്ങൾ വ്യാപിപ്പിക്കുകയെന്നതാണ് ഐഎസ്ഐ നിലവിൽ സ്വീകരിച്ചിരിക്കുന്ന പുത്തൻ രീതി. ജമ്മു കശ്മീരിന് പുറമെ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും നുഴഞ്ഞു കയറാനുതകുന്ന രീതിയിലാണ് ഐഎസ്ഐ ഇപ്പോൾ ഭീകരർക്ക് പരിശീലനം നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെയായി അതിർത്തിവഴിയുള്ള നുഴഞ്ഞുകയറ്റം വളരെയധികം വ്യാപിച്ചിട്ടുള്ളതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അടുത്തിടെ അതിർത്തിയിലൂടെ നുഴഞ്ഞു കയറാനുള്ള പാക്ക് ഭീകരരുടെ അഞ്ചു ശ്രമങ്ങളിൽ നാലെണ്ണവും സൈന്യം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. എട്ടു ഭീകരരെയും വധിച്ചു.