ന്യൂഡൽഹി|
aparna shaji|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (09:48 IST)
ഉറി ആക്രമണത്തിന് തിരിച്ചടിയെന്നോണം
ഇന്ത്യ നിയന്ത്രണരേഖ മറികടന്ന്
പാകിസ്ഥാൻ ഭീകര സങ്കേതങ്ങൾ ആക്രമിച്ചെന്ന വാദം ഒടുവിൽ പാകിസ്ഥാനും സമ്മതിച്ചു. പാക് അധിനിവേശ കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മിന്നലാക്രമണം നടന്നിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യ പറയുന്ന രീതിയിൽ ഒരു ആക്രമണം നടന്നിട്ടില്ലെന്ന പാകിസ്ഥാന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
ഇന്ത്യയുടെ മിന്നലാക്രമണത്തിൽ അഞ്ച് പാക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടതായി പാക് അധിനിവേശ കശ്മീരിലെ മിർപൂർ റേഞ്ച് സുപ്രണ്ട് ഓഫ് പൊലീസ് ഗുലാം അക്ബർ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആക്രമണത്തെകുറിച്ച് പാക് സൈന്യത്തിന് യാതോരുവിധ സൂചനയും ലഭിച്ചിരുന്നില്ല. ഒരേസമയം വിവിധ ഇടങ്ങളിലായിട്ടായിരുന്നു ആക്രമണം. മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ പാകിസ്ഥാന് ധാരാളം നഷ്ടങ്ങളും സംഭവിച്ചുവെന്നും അക്ബർ പറഞ്ഞു.
അതേസമയം, ഇന്ന് രാവിലേയും ഇന്ത്യൻ അതിർത്തിയിൽ വെടിവെയ്പ് നടന്നു. കശ്മീരിലെ കുപ്‌വാരയിലെ സൈനിക ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. സൈന്യവും തിരിച്ചടിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.