ശ്രീനു എസ്|
Last Modified തിങ്കള്‍, 10 മെയ് 2021 (16:26 IST)
ഇന്ത്യ ഇപ്പോള്‍ നേരിടുന്ന കോവിഡ് പ്രതിസന്ധിയ്ക്കുള്ള ദീര്‍ഘകാല പരിഹാരം കഴിയുന്നത്ര വേഗത്തില്‍ രാജ്യത്തെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക മാത്രമാണെന്ന് യുഎസ് ആരോഗ്യ വിദഗ്ദ്ധന്‍ ആന്റണി ഫൗസി പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കന്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ പറ്റി പറഞ്ഞത്. അതിനായി രാജ്യത്തെ വാക്സിന്‍ നിര്‍മ്മാണം വേഗത്തിലാക്കണമെന്നും പുറത്തുനിന്നും കിട്ടാവുന്നത്ര വാക്സിന്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും എത്രയും വേഗം വാക്സിന്‍ നല്‍കുകയാണ് ഈ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായം വാക്സിനായും വാക്സിന്‍ നിര്‍മ്മാണത്തിനുള്ള സഹായമായും മറ്റു രാജ്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.