ഇന്ത്യയെ ആരും വിരട്ടാന്‍ നോക്കേണ്ടെന്ന് രാജ്നാഥ് സിംഗ്

ഇന്ത്യ, ചൈന, റോഡ്, അരുണാചല്‍
ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 16 ഒക്‌ടോബര്‍ 2014 (16:06 IST)

അരുണാചല്‍ അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്കെതിരേ മുന്നറിയിപ്പുമായി രംഗത്തെത്തിയ ചൈനയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപ്ടി. ഇന്ത്യയെ ആര്‍ം വിരട്ടേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടത്. അരുണാചലില്‍ റോഡ് നിര്‍മ്മിക്കുന്നതില്‍ ഇടപെടേണ്ടതില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്.


ഇരുഭാഗത്തുമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു. ചൈനയുടെ റയില്‍വേയും ഹൈവേകളും അതിര്‍ത്തി വരെ എത്തിയിട്ടുണ്ട്. നമ്മുടെ അധികാര പ്രദേശത്ത് എന്തു ചെയ്യണം വേണ്ടയെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണ്.

അരുണാചല്‍ പ്രദേശിലെ മക്മോഹന്‍ ലൈനിനോട് ചേര്‍ന്നാണ് ഇന്ത്യ പുതിയ റോഡ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. വ്യവസായ ഇടനാഴിയെന്ന പേരിലാണ് സര്‍ക്കാര്‍ പുതിയ റോഡ് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനങ്ങളെ തമ്മില്‍ എളുപ്പത്തില്‍ യോജിപ്പിക്കുക, അതിര്‍ത്തിയിലെ യാത്ര കൂടുതല്‍ എളുപ്പമാക്കുക എന്നിവയാണ് റോഡിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളെയും ബന്ധിപ്പിക്കുന്നതാണ് ഈ ഹൈവേ.

അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വേണ്ടി റോഡ് നിര്‍മ്മിക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു . ഇതിനെതിരെ അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ വഷളാക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന രംഗത്ത് എത്തിയിരുന്നു.

അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനീസ് അവകാശവാദം. പ്രശ്നങ്ങള്‍ പരിഹരിക്കാതെ അതിര്‍ത്തിയില്‍ സംഘര്‍ഷം കൂട്ടാനാണ് ഇന്ത്യയുടെ ശ്രമമെന്നും കോളനി വാഴ്ചയുടെ സംഭാവനയാണ് അതിര്‍ത്തി തര്‍ക്കമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്നലെത്തന്നെ അറിയിച്ചിരുന്നു.

പുതിയ പദ്ധതിക്ക് 40,000 കോടിയിലധികം രൂപയാണ് ചെലവ് വരുക. അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയായ തവാങ്, കിഴക്കന്‍ കമങ്, അപ്പര്‍ സുബന്‍സിറി, പശ്ചിമ സാങ്, അപ്പര്‍ സാങ്, ഡിബാങ് വാലി, ഡിസാലി, കിബിറ്റോ, ഡോങ്, ഹവായ്, വിജയനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ വിപുലമായ റോഡ് സൗകര്യം ചൈന ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നെങ്കില്‍ അത് ഇന്ത്യയുടെ സ്ഥലത്താണെന്നും ചൈന അതന്വേഷിക്കേണ്ട കാര്യമില്ലെന്നും ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തോട് പ്രതികരിച്ചു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :