‘ഏത് നിമിഷവും പ്രസവിക്കാം, കടത്തിവിടണം’- ഇൻഷയുടെ ദയനീയ സ്വരം പക്ഷേ കശ്മീരിലെ സൈനികർ ചെവികൊണ്ടില്ല !

Last Updated: ബുധന്‍, 14 ഓഗസ്റ്റ് 2019 (14:47 IST)
ഇൻഷാ അഷറഫ്​ എന്ന 26 കാരിയിലൂടെയാണ് കശ്മീരിലേക്ക് മിഴികളൂന്നുന്നത്. കശ്മീരിന്റെ ഇപ്പോഴത്തെ നേർ ചിത്രമാണ് ഇൻഷായിലൂടെ ലോകം കാണുന്നത്. കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥ എത്രമാത്രം ഗുരുതരമാണെന്ന് ഇൻഷായുടെ വാക്കുകളിലുണ്ട്, അവരുടെ കഷ്ടപ്പാടിലുണ്ട്, വേദനയിലുണ്ട്.

‘ഞാനിപ്പോൾ പ്രസവിച്ചുപോകുമെന്നും ഒരടിപോലും നടക്കാനാവില്ലെന്നും പറഞ്ഞിട്ടും അവരെന്നെ ആ ഓട്ടോറിക്ഷയിൽ പോകാൻ അനുവദിച്ചില്ല...’ - ഇൻഷായുടെ വാക്കുകൾ പെല്ലറ്റ് പോലെയാണ് ഓരോ ഇന്ത്യാക്കാരന്റേയും കാതുകളിലേക്ക് തുളച്ച് കയറുന്നത്.

ശ്രീനഗറിന്​ പുറത്തുള്ള ബെമിനയയിലാണ് ഇൻഷയുടെ വീട്​. പൂർണഗർഭിണിയായ ഇൻഷയ്ക്ക് ഏഴ് കിലോ മീറ്റർ അകലെയുള്ള ലാൽ ഡെഡ്​ആശുപത്രിയിലേക്കാണ് പോകേണ്ടത്. വെളുപ്പിന് അഞ്ചരയോടെ പ്രസവത്തിന്റെ എല്ലാ ലക്ഷണങ്ങളും ഇൻഷയിൽ അനുഭവപ്പെട്ടു. ഏതൊക്കെയോ ഉറവകളിൽനിന്ന് വെള്ളം പോയി തുടങ്ങിയത് ഇൻഷ അറിഞ്ഞു.

ഇൻഷയുടെ ഉമ്മ മുബീന അനിയത്തി നിഷയെയയും കൂട്ടി അയൽവാസിയായ ഓട്ടോറിക്ഷക്കാരനെ സമീപിച്ചു. തെരുവിൽ അപ്പോഴും സൈനികർ റോന്തു ചുറ്റുന്നുണ്ട്. എന്നിട്ടും 7 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് വണ്ടി ഓടിക്കാൻ ആ ഡ്രൈവർ തയ്യാറായി. എപ്പോൾ വേണമെങ്കിലും പ്രസവിച്ചേക്കാം എന്ന അവസ്ഥയിലായി കാര്യങ്ങൾ.

എന്നാൽ, വീട്ടിൽ നിന്നും അധികം ദൂരമൊന്നും എത്തിയില്ല. മിനിറ്റുകൾക്കുള്ളിൽ സൈനികർ വാഹനം തടഞ്ഞു. മുന്നോട്ട് വാഹനം കടത്തിവിടില്ലെന്ന് വാശി പിടിച്ചു. ഒരു വാഹനവും കടത്തിവിടരുതെന്നാണ് മുകളിൽ നിന്നുള്ള ഓർഡറെന്ന് അവർ പറഞ്ഞു. ‘ഞാനൊരു ഗർഭിണിയാണ്​... ഏത്​ നിമിഷവും പ്രസവിച്ചുപോകും. ദയവായി കടത്തിവിടണം...’ ഇൻഷ അവരോട്​ കെഞ്ചിനോക്കി. പക്ഷേ, ഒരലിവുമില്ലാത്ത നിയമം അവർക്കു മുന്നിൽ വഴി മുടക്കി. തെരുവിൽ നിസഹായയായി ഇൻഷയും അമ്മയും സഹോദരിയും. എന്തു ചെയ്യണമെന്നറിയാതെ കൂടെ പോയ ഓട്ടോ ഡ്രൈവറും.

വാഹനം കടത്തിവിടില്ലെന്നേ സൈനികർ പറഞ്ഞുള്ളു, ഒരു ദയ അവർ ഇൻഷയോട് കാണിച്ചു. ‘വേണമെങ്കിൽ നടന്ന് പോകാം’. എത്ര ദൂരമാണെന്നത് ആലോചിക്കണം. 6 കിലോമീറ്ററിലധികമുണ്ട് ഇനിയും സഞ്ചരിക്കാൻ. പക്ഷേ, അവർക്ക് മുന്നിൽ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ഇൻഷയേയും താങ്ങിപ്പിടിച്ച് അമ്മയും സഹോദരിയും മുന്നോട്ട് നടന്നു.

ഓരോ 500 മീറ്ററിലും സ്ഥാപിച്ചിരിക്കുന്ന ചെക്പോസ്റ്റുകളിൽ സൈനികൾ അവരെ തടഞ്ഞു. അവരോടെല്ലാം ഇൻഷ ആവർത്തിച്ച് കൊണ്ടെയിരുന്നു. ഓരോ ചെക്പോസ്റ്ററുകളിലും നഷ്ടമായത് വിലപ്പെട്ട നിമിഷങ്ങളായിരുന്നു.

ഒടുവിൽ, ആശുപത്രിക്ക്​ അര കിലോമീറ്റർ അപ്പുറത്ത്​ഇനിയൊരടി വെക്കാനാവാതെ അവൾ കുഴഞ്ഞുനിന്നു. പ്രസവം ഏതാണ്ട്​ ഉറപ്പായി. 6 കിലോമീറ്ററോളം ഇൻഷ തെരുവിലൂടെ നടന്നതിന്റെ ക്ഷീണം അവളെ തളർത്തിയിരുന്നു. തൊട്ടടുത്ത്​ഒരു സ്വകാര്യ ആശുപത്രി ഉണ്ടായിരുന്നത് അവർക്ക് രക്ഷയായി.

ആശുപത്രിക്കകത്തേക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ ഇൻഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, ആ കുഞ്ഞിനെ പുതപ്പിക്കാൻ ഒരു കഷണം തുണി പോലും അവരുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. കാരണം, അടുത്തുള്ള ഒരു കടകൾ പോലും തുറന്നിരുന്നില്ല. അത്രമേൽ നിശബ്ദമായിരുന്നു കടന്നു വന്നിരുന്ന ഓരോ തെരുവുകളും. ആശുപത്രികളിലും ഒന്നുമുണ്ടായിരുന്നില്ല. എല്ലാം തീർന്നു പോയിരുന്നു.

‘ഒരു കഷണം തുണിയുടെ പോലും താങ്ങില്ലാതെയായിരുന്നു എന്റെ പേരക്കുഞ്ഞിനെ അവർ എന്റെ കൈയിലേക്ക്​ തന്നത്​. എന്റെ സ്കാർഫ്​കൊണ്ട്​ഞാനവളെ മാറോടടുക്കിപ്പിടിച്ചു...’ ഇൻഷയുടെ അമ്മ മുബീന പിന്നീട്​അതേക്കുറിച്ചു പറഞ്ഞു.

കുഞ്ഞുണ്ടായ വിവരം ഇൻഷയുടെ ഭർത്താവ്​ഇർഫാൻ അഹമ്മദ്​ഇതുവരെ അറിഞ്ഞിട്ടില്ല. കാരണം, അവിടെ ഫോൺ നിശബ്ദമായിട്ട് നാളുകളായി. എവിടെയോ കുടുങ്ങിക്കിടക്കുകയാണ് അദ്ദേഹം. മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ഒരു മാർഗം പോലും അവർക്ക് മുന്നിലില്ല.

ഇൻഷയെപ്പോലെ കശ്​മീരിലെ അനേകം അമ്മമാരുടെ ദുരവസ്ഥ കശ്​മീരിൽ നിന്നുള്ള അന്താരാഷ്​ട്ര മാധ്യമ പ്രവർത്തകൻ സുബൈർ സോഫിയെ ഉദ്ധരിച്ച് ‘ദ വയർ.ഇൻ’ ആണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

സാധാരണ മനുഷ്യരുടെ പോലും സഞ്ചാര സ്വാതന്ത്ര്യം വിലക്കി കൂച്ചുവിലങ്ങിട്ടിരിക്കുന്ന കശ്മീരിന്റെ അവസ്ഥയാണ് ഈ ദേശീയ മാധ്യമം തുറന്നു കാണിക്കുന്നത്.

കടപ്പാട്​: ദ വയര്‍ ഡോട്ട് ഇന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :