മരണകാരണം അധ്യാപകനെന്ന് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ്; ശിരോവസ്ത്രം ധരിക്കാൻ പോലും ഭയമായിരുന്നു, വര്‍ഗീയ പീഡനമാണ് കാരണമെന്ന് ബന്ധുക്കൾ

സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണ് തന്റെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു.

തുമ്പി ഏബ്രഹാം| Last Updated: ബുധന്‍, 13 നവം‌ബര്‍ 2019 (16:44 IST)
ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു. സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണ് തന്റെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് ഫാത്തിമ മൊബൈലില്‍ അയച്ച സന്ദേശവും പുറത്തു വന്നിരുന്നു.

അതേസമയം മകളുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കേസില്‍ തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നവംബര്‍ ഒന്‍പതാം തീയതിയാണ് കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫിനെ ചെന്നൈ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അധ്യാപകരാണ് മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇത് തെളിയിക്കുന്ന കുറിപ്പ് ഫാത്തിമയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐഐടി അധികൃതര്‍ പറയുന്നത്.

ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലെത്തിയ ഇരട്ട സഹോദരി ആയിഷ ലത്തീഫും കുടുംബ സുഹൃത്തായ ഷൈന്‍ദേവും ഫാത്തിമയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. തന്റെ മകള്‍ ഐഐടിയില്‍ ജാതീയവും മതപരവുമായ വിവേചനം അനുഭവിച്ചിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് പറഞ്ഞു.
ശിരോവസ്ത്രം ധരിക്കാൻ പോലും ഭയമായിരുന്നു ഫാത്തിമയ്ക്കെന്ന് മാതാവും വ്യക്തമാക്കി.


‘ഇതെന്റെ അവസാന കുറിപ്പാണ്…

എന്റെ വീടിനെ ഞാന്‍ ഇത്രയധികം മിസ് ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു. ഞാന്‍ എന്താണോ എന്റെ വീട്ടില്‍ നിന്നും തീവ്രമായി ആഗ്രഹിച്ചത് അതിനെ ഞാന്‍ മാറ്റിനിര്‍ത്തുകയാണ്, ആനന്ദകരമായ ഒരു ആലസ്യത്തിലൂടെ എന്നെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത അന്തമില്ലാത്ത ഒരുറക്കത്തിലൂടെ. എന്റെ മരണത്തിനുത്തരവാദികള്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരായിരിക്കും.’ ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാ കുറിപ്പാണിത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :