തുമ്പി ഏബ്രഹാം|
Last Updated:
ഞായര്‍, 17 നവംബര്‍ 2019 (10:57 IST)
മദ്രാസ് ഐഐടിയില്‍ ആത്മഹത്യചെയ്ത മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും.
സ്ഥിതിഗതികള്‍ വിലയിരുത്തി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറി ആര്‍സുബ്രഹ്മണ്യം ഐഐടിയിലെത്തുന്നത്. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലിന്റെ നിര്‍ദേശ പ്രകാരമാണിത്.
ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമാണെന്ന് എഫ്ഐആറിലുള്ളത്. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്ഐആറില്‍ പറയുന്നു. മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണം പൊലീസിനെ അറിയിച്ചത് വാര്ഡന് ലളിതയാണെന്നും എഫ്ഐആറിലുണ്ട്.
അതേസമയം, കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്ടോപും ഐപാഡും അന്വേഷണം സംഘം പരിശോധനയ്ക്കായി ഏറ്റെടുക്കും.
കേസില്‍ ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഐഐടി കാമ്പസില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന് സുദര്ശന് കാമ്പസ് വിട്ടുപോകരുതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.
മദ്രാസ് ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.