ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (13:30 IST)
2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. സ്വകാര്യ പങ്കാളിത്തത്തോടെ ചേരികളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുക, ദരിദ്ര വിഭാഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കാന്‍ സബ് സിഡിയോടു കൂടി സഹായം നല്‍കുക, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വീടില്ലാത്തവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍, ചേരിനിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ എന്നിവര്‍ക്ക് ഭവനവായ്പയില്‍ ആറരശതമാനം ഇളവുനല്‍കും. 15വര്‍ഷത്തേക്ക് വായ്പയെടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വായ്പയെടുക്കുന്നവര്‍ക്ക് ഒരുലക്ഷം മുതല്‍ 2.30 ലക്ഷം രൂപവരെയാണ് പലിശയിളവിലൂടെ ലാഭമുണ്ടാകുക. രാജ്യത്തെ 4041 നഗരങ്ങളിലും പലിശയിളവുപദ്ധതി തുടക്കത്തിലേ നടപ്പാക്കും.
ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഓരോ വീടിനും ഒരു ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കും. ആദ്യഘട്ടത്തില്‍ 500 ക്ലാസ് വണ്‍ നഗരങ്ങളിലായിരിക്കും പദ്ധതിക്ക് ഊന്നല്‍ നല്‍കുക. മൂന്ന് ഘട്ടങ്ങളിലായിട്ടാകും ഇത് നടപ്പാക്കുക. 2017 വരെ 100 നഗരങ്ങളിലും 2017 മുതല്‍ '19വരെ 200 നഗരങ്ങളിലും തുടന്ന് മറ്റ് നഗരങ്ങളിലും പദ്ധതി നടപ്പാക്കും.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒരു സ്വപ്‌ന പദ്ധതിയാണ് എല്ലാവര്‍ക്കു വീട് എന്നത്.