വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (10:40 IST)
കിഴക്കൻ ലഡാക്കിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അരുണാചലിലെ അതിർത്തിയിൽനിന്നും ചൈന തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യക്കരെ തിരികെയെത്തിയ്ക്കുന്നതിന് നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ. അരുണാചൽ അതിർത്തിയിലെ ചൈനീസ് ആർമി ആസ്ഥാനത്തേയ്ക്ക് അടിയന്തര സന്ദേശം അയച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
ചൈനയുടെ ഭാഗത്തുനിന്നുമുള്ള പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'അരുണാചൽ അതിർത്തിയിലുള്ള പീപ്പിൾസ് ലിബറേഷൻ ആർമി ആസ്ഥാനത്തേയ്ക്ക് ഇന്ത്യൻ സൈന്യം അടിയന്തര സന്ദേശമയച്ചു. പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ്' കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു.
അരുണാചലിലെ അപ്പർ സുബൻസിരി ജില്ലയിൽ അതിർത്തിയിൽ നായാട്ടിനുപോയ അഞ്ചുപേരെ ചൈനീസ് സൈനികർ തട്ടിക്കൊണ്ടുപോയതായും സംഭവത്തിൽ അന്വേഷണ്മ പുരോഗമിയ്ക്കുകയാണ് എന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നവരിൽ രക്ഷപ്പെട്ട രണ്ടുപേരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ചൈനയുമായി അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സമയത്താണ് തട്ടിക്കൊണ്ടുപോകൽ എന്നതിനാൽ ഇന്ത്യ വിഷയത്തെ ഗൗരവമായാണ് കാണുന്നത്.