അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ജൂലൈ 2024 (14:41 IST)
ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 828 പേരില്‍ എച്ച്‌ഐവി ബാധിച്ചതായും ഇതിനകം 47 വിദ്യാര്‍ഥികള്‍ മരണപ്പെട്ടതുമായ കണക്ക്
ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയാണ് പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെയ്പ്പിലൂടെയാണ് വൈറസ് വ്യാപനമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.
220 സ്‌കൂളുകള്‍, 24 കോളേജുകള്‍,സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് പുറത്തുപോയവരാണ് രോഗബാധിതരില്‍ അധികവും. ദിനം പ്രതി അഞ്ച് മുതല്‍ ഏഴ് വരെ എച്ച്‌ഐവി കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നതെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും അധികൃതര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തെ പറ്റി വീട്ടുകാര്‍ ബോധവാന്മാരാകണമെന്നും പ്രതിരോധനടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറയുന്നു.