രേണുക വേണു|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (09:00 IST)
രാജ്യത്ത് വരുന്ന രണ്ടര മാസം ചൂട് അതിശക്തമാകുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. 20 ദിവസം വരെ നീണ്ടേക്കാവുന്ന ഉഷ്ണ തരംഗത്തിനും സാധ്യതയുണ്ട്.
ഈ മാസം മുതല്‍ ജൂണ്‍ വരെയാണ് കൊടും ചൂട് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയര്‍ന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയര്‍ന്നേക്കും.
ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക, രാജസ്ഥാന്‍, ഒഡിഷ, വടക്കന്‍ ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ഉഷ്ണതരംഗം കാര്യമായി ബാധിക്കുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.