അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (13:31 IST)
ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വിനേഷ് ഫോഗാട്ട് വിജയം ഉറപ്പിച്ചു. തുടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും പിന്നീട് വിനേഷ് രണ്ടാം സ്ഥാനത്തേക്ക് പോയിരുന്നു. ഏറെ നേരം രണ്ടാം സ്ഥാനത്ത് തുടര്‍ന്ന വിനേഷ് അവസാന ലാപ്പിലാണ് ഓടികയറിയത്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ യോഗേഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. എഎപിയുടെ കവിത റാണി നാലാം സ്ഥാനത്താണ്.
ഗുസ്തി താരമായ വിനേഷ് ഫോഗാട്ട് പാരീസ് ഒളിമ്പിക്‌സ് അമിതഭാരത്തെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് ഗുസ്തിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്. വിനേഷിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഇന്ത്യയാകെ ഉറ്റുനോക്കിയിരുന്ന മണ്ഡലമാണ് ജുലാന.
6000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് വിനേഷിന് നിലവിലുള്ളത്. വോട്ടെണ്ണല്‍ അവസാന ലാപ്പിലായതിനാല്‍ തന്നെ താരം വിജയം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം വിനേഷിന് വിജയിക്കാനായെങ്കിലും ഹരിയാനയിലെ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. കഴിഞ്ഞ തവണ 40 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തി ഹരിയാനയില്‍ കേവലഭൂരിപക്ഷമായ 46 മറികടന്നിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബിജെപി ഹരിയാനയില്‍ അധികാരത്തിലെത്തുന്നത്.