രാഹുലിന് പക്വതയില്ല, കോൺഗ്രസിന് അധികാരം നഷ്ടപ്പെടുത്തി: രാജിക്കത്തിൽ രാഹുൽഗാന്ധിയെ രൂക്ഷഭാഷയിൽ വിമർശിച്ച് ഗുലാം നബി ആസാദ്

പരിചയസമ്പന്നരായ നേതാക്കളെ മാറ്റി നിർത്തി ഒരു രാഷ്ട്രീയപരിചയവും ഇല്ലാത്ത അനുയായികളുടെ ഒരു കൂട്ടം പാർട്ടി നടത്തി തുടങ്ങി.

അഭിറാം മനോഹർ| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (14:08 IST)
കോൺഗ്രസ് വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. റിമോട്ട് കണ്ട്രോൾ ഭരണമാണ് കോൺഗ്രസിൽ നടക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണെങ്കിലും തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയാണെന്നും പരിചയസമ്പന്നരായ നേതാക്കളെ ഒതുക്കി ഉപജാപകവൃന്ദത്തെ സൃഷ്ടിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്നും അഞ്ചുപേജുള്ള രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിക്കുന്നു.

ദൗർഭാഗ്യവശാൽ രാഹുൽഗാൻഷിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പ്രത്യേകിച്ചും 2013 ജനുവരിക്ക് ശേഷം അദ്ദേഹത്തെ വൈസ് പ്രസിഡൻ്റാക്കി നിയമിച്ചപ്പോൾ നിലവിലുണ്ടായിരുന്ന മുഴുവൻ കൂടിയാലോചന സംവിധാനവും അദ്ദേഹം തകർത്തു. പരിചയസമ്പന്നരായ നേതാക്കളെ മാറ്റി നിർത്തി ഒരു രാഷ്ട്രീയപരിചയവും ഇല്ലാത്ത അനുയായികളുടെ ഒരു കൂട്ടം പാർട്ടി നടത്തി തുടങ്ങി.

യുപിഎ സർക്കാരിൻ്റെ കാലത്ത് സർക്കാർ ഓർഡിനൻസ് അദ്ദേഹം കീറികളഞ്ഞത് അദ്ദേഹത്തിന് പക്വതയില്ല എന്നതിന് ഉദാഹരണമാണ്. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കി രാഷ്ട്രപതി അംഗീകരിച്ച ഓർഡിനൻസാണ് അദ്ദേഹം കീറികളഞ്ഞത്. ഈ പ്രവർത്തി 2014ലെ യുപിഐ പരാജയത്തിൽ ഗണ്യമായ സംഭാവന നൽകി. 2014ന് ശെഷം രാഹുലിൻ്റെ മേൽനോട്ടത്തിൽ തുടർച്ചയായി രണ്ട് ലോക്സഭ തെരെഞ്ഞെടുപ്പുകൾ കോൺഗ്രസ് അപമാനകരമായ നിലയിൽ തോറ്റു.

2019ലെ തെരെഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ സ്ഥിതി കൂടുതൽ വഷളായി. എല്ലാ മുതിർന്ന നേതാക്കളെയും അപമാനിച്ചുകൊണ്ടാണ് രാഹുൽ തൻ്റെ അധ്യക്ഷപദവി ഇട്ടെറിഞ്ഞത്.തുടര്‍ന്ന് താങ്കള്‍ക്ക് ആ പദവി ഏറ്റെടുക്കേണ്ടിവന്നപ്പോഴും രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്. രാഹുൽ ഗാന്ധിയുടെ സുരക്ഷാഗാർഡും പിഎയും വരെയാണ് കോൺഗ്രസിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ഗുലാബ് നബി ആസാദ് കത്തിൽ ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :