ഗോധ്ര കലാപം; നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അഹമ്മദാബാദ്| VISHNU.NL| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (16:03 IST)
ഗുജറാത്തിലെ ഗോധ്ര കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനാണ് റിട്ട. ജഡ്ജിമാരായ ജിടി നാനാവതി, അക്ഷയ് മേത്ത എന്നിവരടങ്ങിയ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേ സമയം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം 2008ല്‍ പുറത്തുവിട്ടിരുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്ര സ്‌റ്റേഷനില്‍ വച്ച് സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ച് അഗ്‌നിക്കിരയാക്കിയ സംഭവം അന്വേഷിക്കാനായാണ് കമ്മീഷനെ നിയോഗിച്ചത്. പിന്നീട് സമ്മര്‍ദ്ദങ്ങളേത്തുടര്‍ന്ന് ഗുജറാത്ത് കലാപവും അതില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ പങ്കും ഉള്‍പ്പെടുത്തുകയായിരുന്നു.

റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം പുറത്തു വന്നപ്പോള്‍ ട്രെയിനിന് തീയിട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ ഭാഗത്തില്‍ മോഡിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 24 തവണയാണ് ഈ കേസ് അന്വേഷിക്കാന്‍ കമ്മീഷന് കാലാവധി നീട്ടി നല്‍കിയത്. കമ്മീഷന്റെ കാലാവധി ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് അവസാനിച്ചത്.

2002 മാര്‍ച്ച് മൂന്നിനാണ് ജസ്റ്റിസ് കെ.ജി. ഷാ അംഗമായി ഗുജറാത്ത് സര്‍ക്കാര്‍ കമ്മീഷന് രൂപം നല്‍കിയത്. പിന്നീട് സുപ്രീം കോടതി ജഡ്ജി കൂടി വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് 1984ലെ സിഖ് കൂട്ടക്കൊല അന്വേഷിച്ച റിട്ട. ജിസ്റ്റിസ് ജി.ടി. നാനാവതിയെ കൂടി കമ്മീഷനില്‍ അംഗമാക്കിയത്. 2008ല്‍ ജസ്റ്റിസ് ഷായുടെ മരണത്തെ തുടര്‍ന്ന് റിട്ട. ഹൈക്കോടതി ജസ്റ്റിസ് അക്ഷയ് മേത്തയെ കമ്മീഷനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :