അസം, കര്‍ണാടക ഗവര്‍ണര്‍മാര്‍ കൂടി രാജിവച്ചു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (16:18 IST)
യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ക്കു പിന്നാലെ അസം, കര്‍ണാടക ഗവര്‍ണര്‍മാര്‍ കൂടി രാജിവച്ചു. അസം ഗവര്‍ണര്‍ ജെ ജി പട്‌നായിക്, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് എന്നിവരാണ് രാജിവച്ചത്.

എന്നാല്‍ കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതും മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനും ഇപ്പോഴും മുന്‍ നിലപടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. രാഷ്ട്രപതിക്കു മാത്രമെ തങ്ങളെ മാറ്റാന്‍ അധികാരമുള്ളു എന്ന നിലപാടിലാണ് ഇവര്‍.

അതേ സമയം ഇവരുടെ സ്ഥാനത്തു താനാണെങ്കില്‍ രാജിവച്ചേനെയെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, ഗുജറാത്ത്, ത്രിപുര, പഞ്ചാബ് ഗവര്‍ണര്‍മാരുമാണ് കേന്ദ്രത്തിന്റെ ആദ്യഘട്ട പട്ടികയിലുള്ളത്.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ രാജിസന്നദ്ധ അറിയിച്ചതായി സൂചനയുണ്ട്. രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയും വൈകാതെ രാജിവച്ചേക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരില്‍ 18 പേരുടെയും രാഷ്ട്രീയ നിയമനമാണെന്ന് ബിജെപി നേരത്തെ മുതല്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇത് രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നുകഴിഞ്ഞു. ഗവര്‍ണ്ണര്‍മാരെ മാറ്റാനുള്ള നീക്കം അധാര്‍മ്മികമാണെന്നായിരുന്ന് സിപി‌എമ്മിന്റെ പ്രതികരണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :