അധിപൻ ഗവർണർ, സർക്കാർ കാണിച്ചത് മര്യാദയല്ല; മുഖ്യമന്ത്രിയെ തള്ളി ആരിഫ് മുഹമ്മദ് ഖാൻ

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ തന്നെയാണെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 17 ജനുവരി 2020 (11:14 IST)
ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്നും അതറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ തന്നെയാണെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. സിഎഎക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നും പക്ഷേ തന്നെ അറിയിക്കുന്നതാണ് മര്യാദയെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്ന സമയുണ്ടായിരുന്നെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് മീതെ റസിഡന്റുമാര്‍ ഇല്ലെന്നും അതറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണം എന്നുമായിരുന്നു ഇന്നലെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനമുന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്നും ഗവര്‍ണറുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയത്. സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാല്‍ ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :