നോട്ട് കൈമാറ്റ വ്യവസ്ഥയില്‍ വീണ്ടും നിയന്ത്രണം; വെള്ളിയാഴ്ച മുതല്‍ നോട്ട് മാറ്റിയെടുക്കാനുള്ള പരിധി 4500 രൂപയില്‍ നിന്നും 2000 രൂപയായി കുറച്ചു

വെള്ളിയാഴ്ച മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്നത് 2000 രൂപ വരെ മാത്രം

ന്യൂഡല്‍ഹി| സജിത്ത്| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (11:17 IST)
നോട്ട് കൈമാറ്റ വ്യവസ്ഥയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച മുതല്‍ അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനാണ് സര്‍ക്കാര്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നവംബര്‍ 18 മുതല്‍ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനുള്ള പ്രതിദിന പരിധി 4500രൂപയില്‍ നിന്നും 2000 രൂപയായി കുറച്ചെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്
അറിയിച്ചു.

ഒരേ ആളുകള്‍ തന്നെ വീണ്ടും വീണ്ടും വന്ന് ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇക്കാരണത്താല്‍ മറ്റുള്ളവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് തടയുന്നതിനു വേണ്ടിയാണ് 4500 രൂപയുടെ പരിധി 2000 ആക്കി കുറച്ചതെന്നും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒരോ ആഴ്ചയിലും 25000 രൂപ വരെ കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്നും അക്കൗണ്ടുകളില്‍ നിന്നും ചെക്ക് അല്ലെങ്കില്‍ ആര്‍ടിജിഎസ് അക്കൗണ്ട് മുഖേന പിന്‍‌വലിക്കാന്‍ സാധിക്കും. കൂടാതെ വിളാ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കുന്നതിനുള്ള കാലപരിധി 15 ദിവസം കൂടി ഉയര്‍ത്തുകയും ചെയ്തു. പണം പിന്‍‌വലിക്കാന്‍ എത്തുന്നവരുടെ കൈയില്‍ മഷി പുരട്ടുന്നതിന് പിന്നാലെയാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :