പുൽഗാവിലെ ആയുധശാലയിലെ തീപിടിത്തം; ഏഴുപേരുടെ ശരീരം ചിന്നിച്ചിതറി, പൊട്ടിത്തെറിയില്‍ പലരും തെറിച്ചു പോയി- റിപ്പോര്‍ട്ടുകള്‍ പുറത്ത്

തീപിടിത്തത്തിൽ മലയാളി മേജർ മനോജ്കുമാർ ഉൾപ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്

സൈനിക ആയുധശാലയിൽ തീപിടുത്തം , അപകടം , സൈനിക ക്യാമ്പില്‍ അപകടം
പുൽഗാവ്| jibin| Last Updated: ബുധന്‍, 1 ജൂണ്‍ 2016 (10:43 IST)
മഹാരാഷ്ട്രയിലെ പുൽഗാവിലുള്ള സൈനിക ആയുധശാലയിൽ ഉണ്ടായ തീപിടിത്തത്തിലും സ്ഫോടനത്തിലും കൊല്ലപ്പെട്ടവരിൽ ഏഴുപേരുടെ ശരീരങ്ങൾ ചിന്നിച്ചിതറിപ്പോയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ. തീപിടിത്തത്തിന്റെയും സ്ഫോടനത്തിന്റെയും ശക്തി വളരെയധികമായിരുന്നു. ഇരയായവർ പലരും വായുവിൽ പറന്നുപോയി ചിന്നഭിന്നമായി താഴെ വീഴുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തത്തിൽ മലയാളി മേജർ മനോജ്കുമാർ ഉൾപ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്. ഫയർഫോഴ്സിലെ 13 പേരും രണ്ട് സൈനിക ഓഫിസർമാരും ഒരു ജവാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ചിലരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

ചൊവ്വാഴ്‌ച അര്‍ധരാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ചെടിയ തീ പെട്ടെന്ന് പടരുകയും വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയുമായിരുന്നു. തീ അണയ്‌ക്കാന്‍ സാധിച്ചത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി. ഒരു ഷെഡ് പൂർണമായി കത്തി. അഞ്ചരയോടെയാണ് തീയണച്ചത്. ഏഷ്യയിലെ രണ്ടാമെത്തെ ഏറ്റവും വലിയ ആയുധശേഖരത്തിലാണ് തീപിടുത്തമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് സമീപത്തെ ഗ്രാമത്തിൽനിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി അധികാരികൾ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :