ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

പുക ഉയരാന്‍ തുടങ്ങിയതോടെ ആശുപത്രി ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

UP Fire accident
രേണുക വേണു| Last Modified ശനി, 16 നവം‌ബര്‍ 2024 (11:16 IST)
UP Fire accident

ഉത്തര്‍പ്രദേശിലെ ഝാന്‍സി ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ദാരുണ സംഭവം. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 16 കുഞ്ഞുങ്ങള്‍ക്കു പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുക ഉയരാന്‍ തുടങ്ങിയതോടെ ആശുപത്രി ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഉടനടി 37 കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. ആശുപത്രിയില്‍ നിന്ന് മറ്റു രോഗികളേയും ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും ഝാന്‍സി കളക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.
ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഝാന്‍സി മെഡിക്കല്‍ കോളേജിലെ എന്‍ഐസിയുവിലുണ്ടായ അപകടത്തില്‍ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :