വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 5 ഡിസംബര്‍ 2019 (18:18 IST)
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പിതാവ്. ഫാത്തിമയുടെ മൃതദേഹം മുട്ടുകാലിൽ നിൽക്കുന്ന അവസ്ഥയിലായിരുന്നു എന്നും മുറിയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു എന്നും ഫാത്തിമയുടെ പിതാവ് ലത്തിഫ് വ്യക്തമാക്കി. മകൾ തൂങ്ങി മരിച്ചതിന്റെ തെളിവുകളൊന്നും മുറിയിൽ ഉണ്ടായിരുന്നില്ല എന്നും പിതാവ് പറഞ്ഞു.
ഫാത്തിമയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണം. കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ അധ്യാപകരുടേത് ഉൾപ്പെടെ പത്ത് പേരുടെ പേരുകളുണ്ട്. ഇതിൽ ഏഴുപേർ വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ്. മലയാളികളായ വിദ്യാർഥികളും വിദേശ ഇന്ത്യാക്കാരും ഇക്കൂട്ടത്തിലുണ്ട്. ഇവർ ഫാത്തിമയെ മാനസികമായി പീഡിപ്പിച്ചു. മകളുടെ അക്കാദമിക് മികവാണ് എതിർപ്പിന് കാരണമായതെന്നും പിതാവ് വ്യക്തമാക്കി.
ഫാത്തിമ മരിച്ച ദിവസം രാത്രി ഹോസ്‌റ്റലിൽ ഒരു പിറന്നാളാഘോഷം നടന്നിരുന്നു. പുലർച്ചെവരെ ഈ ആഘോഷം തുടർന്നു. ഈ ദിവസം അടുത്ത മുറിയിലെ കുട്ടി ഹോസ്‌റ്റലിൽ ഉണ്ടായിരുന്നുമില്ല. ഫാത്തിമയുടെ മരണം പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് എന്നാണ് ഡോക്‌ടർമാർ റിപ്പോർട്ട് ചെയ്യുന്നത്. കേസ് അന്വേഷണത്തിൽ പൊലീസ് തുടക്കം മുതൽ അനാസ്ഥ കാണിച്ചിരുന്നു. നിരവധി കൃത്രിമത്വം നടന്നതായി സംശയിക്കുന്നു എന്നും ലത്തീഫ് വ്യക്തമാക്കി.