കർഷകപ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു: ഇന്ന് മുതൽ ദേശീയപാത ഉപരോധവും ട്രെയിൻ തടയലും

അഭിറാം മനോഹർ| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (08:02 IST)
കർഷകപ്രക്ഷോഭം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം കൂടുതൽ ശക്തമാക്കാൻ ഉറച്ച് കർഷകർ, ദില്ലിയിലേക്കുള്ള ജയ്പ്പൂര്‍, ആഗ്ര പാതകൾ കൂടി ഉപരോധിക്കാനുള്ള സമരം ഇന്ന് മുതൽ തുടങ്ങും.രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ചക്ക് ശേഷം
ദേശീയപാതകൾ ലക്ഷ്യം വെച്ച് നീങ്ങും. ട്രെയിൻ തടയലടക്കമുള്ള നടപടികളിലേക്ക് സമരക്കാർ ഇന്ന് നീങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയ തിങ്കളാഴ്‌ച്ച രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ജനജീവിതത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണെന്നും സമരം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ഉത്തരവാദി കേന്ദ്രം മാത്രമാണെന്നും നിയമങ്ങ‌ൾ പിൻവലിച്ചാൽ ഉടൻ സമരം അവസാനിപ്പിക്കാമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

അതേസമയം ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കർഷക സംഘടനകൾ അനിശ്ചിതകാല സമരം ഇന്ന് മുതൽ ആരംഭിക്കും. സംസ്ഥാനതലത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :