അഭിറാം മനോഹർ|
Last Modified ശനി, 5 ഡിസംബര്‍ 2020 (08:10 IST)
കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കാർഷിക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും
ചർച്ച നടത്തും. ഭേദഗതികളിൽ ചർച്ചയാകാമെന്ന കേന്ദ്ര നിലപാടിനെ
കർഷകർ ഇന്നലെ തള്ളികളഞ്ഞിരുന്നു. ഇന്ന് മുതൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ അറിയിച്ചു. ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷക സംഘടനകൾ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോൾ പ്ലാസകളും ഉപരോധിക്കാനും ദില്ലിയിലേക്കുള്ള മുഴുവൻ റോഡുകളും ഉപരോധിക്കാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്.
വിവാദനിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതിഷേധം രാജ്യമെങ്ങും വ്യാപിപിക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചത്. കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്ന് കേന്ദ്ര നിർദേശിച്ചെങ്കിലും നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ.