ന്യുഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (11:40 IST)
1975ല്‍ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭം നയിച്ചവരില്‍ ആര്‍എസ്‌എസും ജനസംഘവും മുന്നിലുണ്ടായിരുന്നു എന്നാണ് സംഘപരിവാര്‍ അവകാശപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഈ വാദങ്ങളുടെ മുന ഒടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഐബി മേധാവി ടി.വി രാജേശ്വര്‍ രംഗത്ത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ആര്‍എസ്എസ് പിന്തുണച്ചിരുന്നതക്കയും അക്കാലത്ത് ഇന്ദിരയും മകന്‍ സഞ്ജയ് ഗാന്ധിയുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആര്‍എസ്‌എസ് നേതൃത്വം ശ്രമിച്ചിരുന്നു എന്നുമാണ് രാജേശ്വര്‍ പറയുന്നത്.
അന്നത്തെ ആര്‍എസ്എസ് മേധാവി ബാലേസാഹിബ് ദേവ്‌റാസ് അടിയന്തരാവസ്ഥക്കാലത്ത് ഇരുവരേയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇരുവരുമായും കൂടിക്കാഴ്ചയ്ക്ക് ദേവറാസ് ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. പിന്നീടുവന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനുള്ള ആഗ്രഹവും ആര്‍എസ്എസിനുണ്ടായിരുന്നുവെന്നും രാജേശ്വര്‍ പറയുന്നു.
അടിയന്തരാവസ്ഥ കാലത്ത് ഐ.ബി ഡെപ്യൂട്ടി ചീഫ് ആയിരുന്നു രാജേശ്വര്‍. ആര്‍എസ്എസ് അടിയന്തരാവസ്ഥയെ പിന്തുണച്ചുവെന്നത് ശരിയാണെന്നും തനിക്കതില്‍ ഉത്തമ ബോധ്യമുണ്ടെന്നും രാജേശ്വര്‍ പറയുന്നു.
അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് എഴുതിയ ' നിര്‍ണായക വര്‍ഷങ്ങള്‍' എന്ന പുസ്തകത്തില്‍ ആര്‍എസ്എസിന്റെ നിലപാടിനെ കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. ഇതേ കുറിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ പ്രതിനിധി നടത്തിയ അഭിമുഖത്തിലാണ് രാജേശ്വര്‍ തന്നെ നിലപാട് വ്യക്തമാക്കിയത്.