തുമ്പി ഏബ്രഹാം|
Last Updated:
ചൊവ്വ, 10 ഡിസംബര്‍ 2019 (09:41 IST)
സർക്കാരിന്റെ വിൽപ്പന കേന്ദ്രത്തിൽ വില കുറച്ചു വിൽക്കുന്ന ഉള്ളി വാങ്ങാൻ ക്യൂ നിന്നയാൾ കുഴഞ്ഞുവീണു മരിച്ചു.ആന്ധ്രാ പ്രദേശിലെ കൃഷ്‌ണ ജില്ലയിൽ റയ്‌തൂ ബസാറിലാണ് സംഭവം. അറുപതുകാരനായ സംബയ്യയാണ് കുഴഞ്ഞുവീണു മരിച്ചത്.
കിലോയ്‌ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കിലാണ് സർക്കാർ ഉള്ളി വിൽക്കുന്നത്. പൊതു വിപണിയിൽ പലയിടത്തും കിലോയ്‌ക്ക് 180 രൂപ വരെയാണ് വില. ആധാർ കാർഡ് കാണിക്കുകയാണെങ്കിൽ ഒരു കിലോ ഉള്ളി സബ്‌സിഡി നിരക്കിൽ ലഭിക്കും. ഇതിനായി വലിയ ക്യൂവാണ് ബസാറിലുണ്ടായിരുന്നത്.
എട്ടരയ്ക്കാണ് വിൽപ്പനാ കേന്ദ്രം തുറക്കുന്നത്. എന്നാൽ പലരും പുലർച്ചെ 5 മണി മുതൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സംബയ്യ കുഴഞ്ഞുവീണത്.