Last Modified വെള്ളി, 25 ജനുവരി 2019 (07:33 IST)
സാമ്പത്തിക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെയുള്ള കേസ് പരിഗണിക്കുന്നത്.
സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികൾക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബിൽ. അമ്പത് ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.