ഇന്ത്യയില്‍ എച്ച്ഐവി വൈറസ് കണ്ടെത്തിയ ഡോ സുനീതി സോളമന്‍ അന്തരിച്ചു

ചെന്നൈ| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (10:54 IST)
ഇന്ത്യയില്‍ ആദ്യമായി എച്ച്ഐവി. വൈറസ് കണ്ടെത്തിയ ഡോ. സുനീതി സോളമന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

1986ലാണ്‌ ഡോ. സുനിതയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ എച്ച്‌.ഐ.വി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്‌. അക്കാലത്ത് വിദേശ മെഡിക്കല്‍ ജേര്‍ണലുകളില്‍ എയ്ഡ്സിനെ കുറിച്ചുള്ള ലേഖനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് ഡോ സുനീതിയെ ഈ ഉദ്യമത്തിലേക്ക് തിരിച്ചത്. മൈലാപ്പൂരിലെ ആറ്‌ ലൈംഗിക തൊഴിലാളികളുടെ രക്‌ത സാമ്പിളുകള്‍ എടുത്താണ് ഡോ.സുനീതി പരിശോധനയ്ക്ക് തുടക്കമിട്ടത്.

എച്ച്ഐവി വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ ഇവര്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി സാമ്പിളുകള്‍ എലിസ ടെസ്‌റ്റിനുള്ള സൗകര്യമുള്ള വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു. പിന്നീടിത്‌ അമേരിക്കയിലെ മെരിലന്‍ഡിലെ ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റിയിലും അയച്ച്‌ പരിശോധന നടത്തി. തുടര്‍ന്നാണ്‌ ഇന്ത്യയില്‍ എച്ച്ഐവി വൈറസ് സ്ഥിരീകരിക്കുന്നത്.

ചെന്നൈയില്‍ വൈആര്‍ ഗൈറ്റോണ്ടെ സെന്റര്‍ ഫോര്‍ എയിഡ്‌സ് റിസര്‍ച്ച്‌ സ്‌ഥാപിച്ചതും ഡോ സുനീതിയാണ്‌. ഡോ. സുനീതിയുടെ കണ്ടെത്തലോടെയാണ്‌ എയിഡ്‌സ് എന്ന മാരകരോഗത്തെക്കുറിച്ച്‌ ശ്രവിച്ചു തുടങ്ങിയത്‌. ഡോക്ടര്‍മാര്‍ എയ്ഡ്‌സ് രോഗികളെ പരിശോധിക്കാന്‍ വിമുഖത കാട്ടിയ കാലത്ത് യാതൊരു ഭയവും കൂടാതെ അവരെ പരിശോധിക്കാനും പരിചരിക്കാനും ഡോ.സുനിതി മുന്നില്‍ നിന്നു. കൂടാതെ ആളുകള്‍ക്ക് സ്വയം പരിശോധന നടത്താനും കൗണ്‍സലിങ് നടത്താനുമുള്ള കേന്ദ്രങ്ങളും അവര്‍ ആരംഭിച്ചു.

ഇന്റര്‍നാഷണല്‍ എയ്ഡ്‌സ് വാക്‌സിന്‍ ഇനിഷ്യേറ്റീവ്- ഇന്ത്യയുടെ ഉപദേശക സമിതിയംഗം, പുനെ നാഷണല്‍ എയ്ഡ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സയന്റഫിക് കമ്മിറ്റിയംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ മൈക്രോബിസൈഡ്‌സ് കമ്മിറ്റിയുടെ സ്ഥിരാംഗം, ഏഷ്യാ ഡാറ്റ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡംഗം എന്നീ നിലകളിലും ഡോ.സുനീതി പ്രവര്‍ത്തിച്ചു. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഭര്‍ത്താവ്: പരേതനായ ഡോ. സോളമന്‍ വിക്ടര്‍. മകന്‍ ഡോ. സുനില്‍ സോളമന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :