അഭിറാം മനോഹർ|
Last Updated:
വ്യാഴം, 20 ഓഗസ്റ്റ് 2020 (14:29 IST)
തനിക്കെതിരായ കോടതിയലക്ഷ്യകേസിൽ ദയയുണ്ടാകണമെന്ന് കോടതിക്ക് മുൻപാകെ അഭ്യർഥിക്കില്ലെന്ന് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. കോടതിയലക്ഷ്യകേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ്
പ്രശാന്ത് ഭൂഷൺ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്നതിനാല്‍ തനിക്കെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ വാദം നീട്ടിവെയ്‌ക്കണമെന്ന് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് നിരസിച്ചു. തുടർന്നാണ് മുൻകൂട്ടി തയ്യാറാക്കിയ പ്രസ്‌താവന കോടതിയിൽ വായിച്ചത്.
കോടതി തന്നെ തെറ്റിദ്ധരിക്കുകയായിരുന്നെന്നും ഇക്കാര്യത്തിൽ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. താൻ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. കോടതിക്കെതിരെ നിഗമനത്തിലേയ്ക്ക് കോടതി എത്തിച്ചേര്‍ന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. ജനാധിപത്യത്തിൽ ഏതൊരു സ്ഥാപനത്തിന് നേരെയുമുള്ള തുറന്ന വിമർശനം ഭരണഘടനയെ സംരക്ഷിക്കുന്നതിൽ അനിവാര്യമാണ്. ചരിത്രത്തിന്റെ പ്രത്യേകസന്ധിയിലൂടെ കടന്നുപോകുമ്പോൾ എന്റെ കർത്തവ്യമെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യാനുള്ള എളിയ ശ്രമമാണ് ട്വീറ്റുകളിലൂടെ നടത്തിയത്. ഈ ഘട്ടത്തിൽ മൗനം പാലിക്കുന്നത് വലിയ വീഴ്‌ചയായിരിക്കും. അതിനാൽ ക്ഷമാപണം നടത്തുകയോ ദയ അഭ്യർഥിക്കുകയോ ചെയ്യില്ല. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
അതേസമയം കോടതിയലക്ഷ്യകേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് അരുൺ മിശ്ര ചില നിരീക്ഷണങ്ങൾ നടത്തി. എല്ലാ വ്യക്തികള്‍ക്കും കോടതിയെ വിമര്‍ശിക്കുന്നതിനുള്ള അധികാരമുണ്ടെന്നും എന്നാൽ വിമർശനത്തിന്റെ ലക്ഷ്‌മണരേഖ പ്രശാന്ത് ഭൂഷൺ ലംഘിച്ചെന്നും അരുൺ മിശ്ര പറഞ്ഞു. പ്രശാന്ത് ഭൂഷണിനെതിരെയുള്ള നടപടി അതിനാലാണ് ഉണ്ടായതെന്നും അരുൺമിശ്ര വിശദീകരിച്ചു.