ഇന്ത്യയെ മുഴുവന്‍ ഓണ്‍ലൈനാക്കാന്‍ മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (14:35 IST)
ഇന്ത്യയിലെ സര്‍ക്കാര്‍, പൊതുവിതരണ, ഭരണ മേഖലകള്‍ മുഴുവന്‍ ഓണ്‍ലൈനിലാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ പദ്ധതി പ്രകാരമാണ് സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനും ഓണ്‍ലൈനിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ കീഴിലാണ് ഇക്രാന്തി എന്ന പേരിലുള്ള ഡിജിറ്റല്‍ വിപ്ലവത്തിന് കളമൊരുങ്ങുന്നത്.

ലോകത്ത് ഇത്രയും ബൃഹത്തായ ഡിജിറ്റല്‍ വിപ്ലവം ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ സാധ്യമായിട്ടുള്ളു. ഇന്ത്യ പോലെയുള്ള വലിയ രാജ്യത്ത് ഇത് വിജയിപ്പിക്കാനായാല്‍ മോഡി അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ശ്രദ്ധേയനാകും. ഈ ലക്ഷ്യത്തിനായി 1,13,000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് വിദ്യാഭ്യാസം, പൊതുസേവനം, ബ്യൂറോക്രസി തുടങ്ങിയ എല്ലാ കാര്യങ്ങളും ഓണ്‍ലൈനിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കര്‍ണാടകയിലും ആന്ധ്രയിലും ചത്തീസ് ഗഡിലും പൊതുവിതരണ സമ്പ്രദായം ഇപ്പോള്‍ത്തന്നെ ഓണ്‍ലൈനായിരിക്കുകയാണ്. ഈ സൌകര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പൊതു വിതരണ സമ്പ്രദായത്തെ ആധാറുമായി കൂട്ടിയോജിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ സൌകര്യങ്ങള്‍ ഓണ്‍ലൈനാക്കി മാറ്റും. കൂടാതെ ഭാവിയില്‍ പെന്‍ഷന്‍, പാസ്‌പോര്‍ട്ട് പോലുള്ള പൊതുസേവനങ്ങള്‍ എന്നിവ ക്ലൗഡിലേക്ക് മാറ്റാനുള്ള പദ്ധതിയുണ്ട്.

സംവിധാനങ്ങള്‍ രാജ്യവ്യാപകമാക്കാന്‍ ബ്രോഡ്ബാന്റ് ഹൈവേകള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കും. ഇതോടെ ധനികനും ദരിദ്രനുമെന്ന ഭേദമില്ലാതെ നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ അനായാസം ലഭ്യമാകും. നിലവില്‍ 1,30,000 ഗ്രാമങ്ങളില്‍ മാത്രമെ ഇന്‍ര്‍നെറ്റ് കവറേജുള്ളൂ. 2017 ഓടെ അത് 2,50,000 ഗ്രാമങ്ങളിലേക്കു കൂടി പദ്ധതിപ്രകാരം വ്യാപിപിക്കും. 2,50,000 സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്റും സൗജന്യ വൈഫൈ സേവനവും ലഭ്യമാക്കും. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ക്ക് ഇ വേര്‍ഷനും ലഭ്യമാക്കും. ഇതോടെ വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബ്രോഡ് ബാന്റ് ഹൈവേ, ഇഗവേണന്‍സ്, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ്, യൂണിവേഴ്‌സല്‍ ഫോണ്‍ ആക്‌സസ്, ഇലക്ട്രോണിക് ഡെലിവറി സര്‍വീസസ്, ജോബ്‌സ്, റൂറല്‍ ഇന്റര്‍നെററ് എന്നീ ഏഴ് കാര്യങ്ങളില്‍ അധിഷ്ഠിതമായിരിക്കും സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. അതേ സമയം സാമ്പത്തികമായി ഇന്ത്യയ്ക്ക് വളരെ ഗുണം ചെയ്യുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ പ്രോജക്റ്റ്. പൊതുസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഭീമമായ ചെലവ് കുറയ്ക്കാന്‍ സാധിക്കും.
ജിഡിപിയില്‍ ഇതു മൂലം 1.4 ശതമാനം പോയിന്റ് ഉയരാന്‍ കാരണമാകുകയും ചെയ്യുന്നത് സാമ്പത്തിക കുതിപ്പിന് ഇടയാക്കും.

രാജ്യമാകമാനം 100 സ്മാര്‍ട്ട് സിറ്റികള്‍ രൂപപ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇത്തരം നഗരങ്ങളില്‍ പബ്ലിക് വൈഫൈ സ്‌പോട്ടുകള്‍ ലഭ്യമായിരിക്കും. സര്‍ക്കാര്‍ നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും ഒരു യൂണിവേഴ്‌സല്‍ സെക്യൂര്‍ ഇമെയില്‍ ക്ലൈന്റിലേക്ക് മാറ്റുകയും ചെയ്യും. കൂടാതെ രണ്ടു വര്‍ഷത്തിനുള്ളില്‍ 1,50,000 പോസ്റ്റ് ഓഫീസുകളെ മള്‍ട്ടി യൂട്ടിലിറ്റി സെന്ററുകളാക്കി മാറ്റും. ഇതിലൂടെ ബാങ്കിങ് പോലുള്ള പലവിധ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗത്തില്‍ ലഭ്യമാക്കാനാണ് പദ്ധതി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :