2021ലെ ജനസംഖ്യ സെൻസസ് മൊബൈൽ ആപ്പ് വഴി, ഒറ്റ തിരിച്ചറിയൽ കാർഡ് നൽകും: അമിത് ഷാ

സുമീഷ് ടി ഉണ്ണീൻ| Last Updated: തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (17:55 IST)
ഡൽഹി: 2021ൽ നടക്കുന്ന ജനസംഖ്യ സെൻസസ് ഡിജിറ്റൽ സെൻസസ് ആയിരിക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ ആവശ്യങ്ങൾക്കായി ഒറ്റ തിരിച്ചറിയൽ കാർഡ് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മൊബൈൽ ആപ്പുകൾ വഴിയായിരിക്കും ജനസംഖ്യ സെൻസസിനായുള്ള വിവര ശേഖരനം നടത്തുക എന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.

2021ലെ ജനസംഖ്യ സെൻസസ് ഡിജിറ്റൽ ആക്കുക വഴി കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കാനാണ് ഉദ്ദേശിക്കുന്നത്. പേപ്പർ ഉപയോഗിച്ചുള്ള കണക്കെടുപ്പ് ഡിജിറ്റൽ രീതിയിലേക്ക് മാറും. ജനസംഖ്യ വിവര ശേഖരണത്തിനായി ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന പ്രത്യേക മൊബൈൽ ആപ്പുകൾ തദ്ദേശിയമായി തന്നെ വികസിപ്പിക്കും. സെൻസസിന്റെ ഭാഗമായി ദേശീയ ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കും. ഒബിസി വിഗാത്തിന്റെ പ്രത്യേക കണക്കെടുപ്പും സെൻസസിന്റെ ഭാഗമായി നടക്കും.

ആധാർ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഒറ്റ തിരിച്ചറിയൽ കാർഡ് നൽകാൻ ഉദ്ദേശിക്കുന്നതായും അമിത് ഷാ പറഞ്ഞു. 2011ലാണ് രാജ്യത്ത് അവസാനമായി ജനസംഖ്യ സെൻസസ് നടന്നത്. 121 കോടിയായിരുന്നു സെൻസസിൽ കണക്കാക്കപ്പെട്ട ജനസംഖ്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :