ന്യൂഡൽഹി|
jibin|
Last Modified ഞായര്‍, 20 ഡിസംബര്‍ 2015 (10:49 IST)
ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരായ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കുട്ടികുറ്റവാളിയുടെ മോചനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസ് പറ്റിഗണിക്കുന്നവരെ കുട്ടികുറ്റവാളിയെ മോചിപ്പിക്കരുതെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ ആണ് സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്. അതേസമയം, നിരീക്ഷണ ഭവനത്തിലെ മൂന്നു വർഷത്തെ തടവ് പൂർത്തിയാക്കിയ കുട്ടിക്കുറ്റവാളി ഇന്നു വൈകിട്ട് അഞ്ചിനു ജയിൽ മോചിതനാകും.
വനിതാ കമ്മിഷന്റെ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു. സുപ്രീംകോടതി ചീഫ് ജസ്‌റ്റീസ് കേസ് അവധിക്കാല ബഞ്ചിന്റെ പരിഗണനയില്‍ വിട്ടു. കേസിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്‌റ്റീസ് ഗോയലാണ് കേസ് പരിഗണിക്കുക. ശനിയാഴ്‌ച പ്രതിയെ നിരീക്ഷണ ഭവനത്തിൽ നിന്നു നഗരത്തിനു പുറത്തെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. ജീവനു ഭീഷണിയുള്ളതിനാൽ നീക്കങ്ങൾ അതീവ രഹസ്യമാണ്.
കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്ന് ആവശ്യപ്പെട്ട് റിമാന്‍ഡ് ഹൗസിന് മുമ്പില്‍ പ്രതിഷേധവുമായെത്തിയ ജ്യോതി സിങ്ങിന്‍റെ മാതാപിതാക്കളെ പൊലീസ് ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ച വൈകിട്ടാണ് ഡൽഹി, ജെഎൻയു സർവകലാശാലകളിലെ നാൽപതോളം വിദ്യാർഥിനികൾക്കൊപ്പം ഇവർ നിരീക്ഷണ ഭവനത്തിനു മുന്നിൽ പ്രതിഷേധവുമായെത്തിയത്. ചില വിദ്യാർഥി സംഘടനകളും ഇവർക്കൊപ്പം ചേർന്നു.
2012 ഡിസംബർ 15നു രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര മാനഭംഗത്തിനിരയായത്. പെൺകുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു. കുട്ടിക്കുറ്റവാളിയുൾപ്പെടെ കേസിൽ ആറു പ്രതികളായിരുന്നു. മുഖ്യപ്രതി വിചാരണയ്ക്കിടെ തിഹാർ ജയിലിൽ ജീവനൊടുക്കി. വിചാരണക്കോടതി വധശിക്ഷ വിധിച്ച നാലു പ്രതികൾ നൽകിയ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.