ന്യൂഡല്‍ഹി|
jibin|
Last Updated:
ഞായര്‍, 20 ഡിസംബര്‍ 2015 (18:06 IST)
ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കുട്ടികുറ്റവാളി ഇന്ന് മോചിതനാകുന്ന സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിലും പരിസര പ്രദേശങ്ങളിലും
നിരോധനാജ്ഞ പ്രഖ്യാപിച്ചു. മോചനത്തിനെതിരേ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.
കൊടുംക്രൂരത ചെയ്ത കുറ്റവാളിയെ പ്രായത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയ്ക്കാന്‍ തീരുമാനിച്ചതിനെതിരേ ഡല്‍ഹിയിലും രാജ്യത്തെ മറ്റു സ്ഥലങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉണ്ടായിട്ടുണ്ട്. ഇന്നു വൈകിട്ട് ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റിനു മുന്നില്‍ ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനിച്ചിരുന്നു.
നിരീക്ഷണ ഭവനത്തിലെ മൂന്നു വർഷത്തെ തടവ് പൂർത്തിയാക്കിയ കുട്ടിക്കുറ്റവാളി ഇന്നു വൈകിട്ട് അഞ്ചിനു ജയിൽ മോചിതനാകും. ശനിയാഴ്ച പ്രതിയെ നിരീക്ഷണ ഭവനത്തിൽ നിന്നു നഗരത്തിനു പുറത്തെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. ജീവനു ഭീഷണിയുള്ളതിനാൽ നീക്കങ്ങൾ അതീവ രഹസ്യമാണ്. കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്ന് ആവശ്യപ്പെട്ട് റിമാന്‍ഡ് ഹൗസിന് മുമ്പില്‍ പ്രതിഷേധവുമായെത്തിയ ജ്യോതി സിംഗിന്റെ മാതാപിതാക്കളെ പൊലീസ് ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തിരുന്നു.