അന്നത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ദാവൂദ് ഇബ്രാഹിം കൊല്ലപ്പെടുമായിരുന്നു...!

ന്യുഡല്‍ഹി| VISHNU N L| Last Modified വെള്ളി, 5 ജൂണ്‍ 2015 (20:30 IST)
1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ തേടുന്ന പ്രധാന കുറ്റവാളി ദാവൂദ് ഇബ്രാഹിം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വലയിലായെങ്കിലും അവസാന നിമിഷം വിട്ടുകളയേണ്ടി വന്നതിനു കാരണം സംഘത്തലവനായ മലയാളിക്കുണ്ടായ ഹൃദയാഘാതമാണെന്ന് റിപ്പോര്‍ട്ടുകള്‍. 2013ല്‍ കറാച്ചിയില്‍ വച്ച് വധിക്കുക എന്ന ഉദ്ദേശത്തൊടെ ദാവൂദിനെ വളഞ്ഞ 'റോ'യ്ക്ക് അന്തിമഘട്ടത്തിലെത്തിയ ഒരു ഫോണ്‍കോളിനെ തുടര്‍ന്ന് കൊലപ്പെടുത്താതെ വിട്ടയക്കേണ്ടിവന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

റോയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേരടങ്ങുന്ന കമാന്‍ഡോ സംഘമാണ് ദാവൂദ് വേട്ടയ്ക്ക് ഇറങ്ങിയത്. 'സൂപ്പര്‍ ബോയ്‌സ്' എന്ന പേരിട്ട സംഘം സുഡാന്‍, ബംദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് പാകിസ്താനില്‍ എത്തിയത്. ഇസ്രായേലിലെ മൊസാദിന്റെ പിന്തുണയും സംഘത്തിനുണ്ടായിരുന്നു. പരസ്പരം പരിചയമില്ലാതിരുന്ന ഇവര്‍ ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ദാവൂദിനെ വധിക്കാന്‍ സെപ്തംബര്‍ 13 എന്ന തീയതിയും നിശ്ചയിച്ചു. ഇതുപ്രകാരം ദാവൂദിന്റെ നീക്കങ്ങള്‍ മനസ്സിലാക്കിയ സംഘം അദ്ദേഹം പതിവായി യാത്ര ചെയ്യുന്ന കറാച്ചിയിലെ ക്ലിപ്ടണ്‍ റോഡിലെ വസതി മുതല്‍ ഡിഫെന്‍സ് ഹൗസിംഗ് സൊസൈറ്റി വരെ നിരീക്ഷണത്തിനുള്ളിലാക്കി. ഈ വഴിയിലുള്ള ഒരു ദര്‍ഗ്ഗ ദാവൂദ് വധത്തിനുള്ള കേന്ദ്രമായും നിശ്ചയിച്ചു. ദാവൂദിന്റെ കാറിനെ കുറിച്ചുള്ള വിശദാംശവും ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളും സൂപ്പര്‍ ബോയ്‌സ് സംഘടിപ്പിച്ചിരുന്നു.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി 2013 സെപ്തംബര്‍ 13ന് വഴിയില്‍ പതിയിരുന്ന സൂപ്പര്‍ ബോയ്‌സിന് അവസാന നിമിഷം തങ്ങളെ നിയന്ത്രിച്ചിരുന്ന ആള്‍ക്ക് ഹൃദയാഘാതം സംഭവിച്ചു എന്ന സന്ദേശമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് സംഘം ദൌത്യം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സംഘത്തലവനായിരുന്ന മലയാളി ആരായിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :