അഭിറാം മനോഹർ|
Last Modified വെള്ളി, 3 ജൂലൈ 2020 (17:17 IST)
ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിതർക്കം തുടരുന്നതിനിടെ ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്‌ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണനയിൽ.സംഘപരിവാർ സംഘടനയായ ഭാരത്- ടിബറ്റ് സഹയോഗ് മഞ്ച് ആണ് ഇക്കാര്യം കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്.
ചൈനയുടെ ടിബറ്റൻ അധിനിവേശത്തിന്റെ പ്രതീകമായാണ് ദലൈലാമയെ ലോകം കരുതുന്നത്.അങ്ങനെയൊരാൾക്ക് ഭാരതരത്ന നൽകുന്നതിലൂടെ ചൈനക്ക് വ്യക്തമായ സന്ദേശം നൽകാമെന്നാണ്
ഭാരത്- ടിബറ്റ് സഹയോഗ് മഞ്ച് വാദിക്കുന്നത്. എന്നാൽ ചൈന വിഘടനവാദിയെന്ന് വിശേഷിപ്പിക്കുന്ന ടിബറ്റൻ ആത്മീയ നേതാവിന് ഭാരതരത്ന നൽകുന്നത് ചൈനയുടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമായേക്കാം. അതിനാൽ തന്നെ എല്ലാ വിഷയങ്ങളും പരിഗണിച്ചുകൊണ്ടാകും അവാർഡ് നൽകുന്ന വിഷയത്തിൽ തീരുമാനമുണ്ടാകുക.
ലഡാക്കിലെ സാഹചര്യം തണുപ്പിക്ക്ആൻ സൈനിക നയതന്ത്ര ചർച്ചകൾ നടക്കുന്നതിനാൽ ചൈനയെ പ്രകോപിപ്പിക്കുന്ന ഒരു തീരുമാനം വേണ്ടെന്ന നിലപാടിലാണ് സർക്കാർ.അതേസമയം ഇന്ത്യയിലേക്ക് പാലായനം ചെയ്യപ്പെട്ട ദലൈലാമയുടെ പിറന്നാൾ തിയ്യതിയായ ജൂലൈ ആറിന് ഭരണഗൂഡത്തിന്റെ തലപ്പത്തുള്ളവർ ദലൈലാമയെ സന്ദർശിക്കാൻ സാധ്യതയുണ്ട്.നേരത്തെ മുൻ വിദേശകാര്യ സെക്രട്ടറി നിരുപം റാവുവും ചരിത്രകാരനായ രാമചന്ദ്ര ഗുഹ, മുൻ ബംഗാൾ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും ദലൈലാമക്ക് പുരസ്‌കാരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ്.