ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (12:35 IST)
ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ പശുമാംസം കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ആയിരുന്നു കഴിഞ്ഞദിവസം സായുധസംഘം കൊലപ്പെടുത്തിയത്.
അതേസമയം, കൊലപാതകത്തിന് എന്താണ് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൊല്ലാന്‍ പാടില്ലാത്ത മൃഗത്തിന്റെ മാംസം കഴിച്ചെന്ന് ആരോപണമുണ്ടെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍, പശുമാംസം കഴിച്ചെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും ഇല്ല.
സംഭവത്തെക്കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയത്.
അതേസമയം, ദാദ്രി സംഭവം രാജ്യത്തിന്റെ പ്രതിച്‌ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് പറഞ്ഞു.