കൊച്ചി|
aparna shaji|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (08:58 IST)
അഞ്ഞൂറ്, ആയിരം നോട്ടുകൾ നിരോധിച്ചതിന്റെ പ്രശ്നങ്ങൾ ദിവസം ആറ് കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ സത്യമാണെങ്കിൽ ഇനി 43 ദിവസം കൂടി ജനങ്ങൾ ഈ ദുരിതം അനുഭവിക്കണം. നോട്ട് പ്രതിസന്ധി തുടരവേ മോദി സർക്കാർ സ്വർണത്തിലും നിയന്ത്രണം എർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അഞ്ഞൂറ് ഗ്രാമിൽ കൂടുതൽ സ്വർണം കൈവശം വെച്ചയാൾക്ക് ഭാവിയിൽ പണികിട്ടും.
അഞ്ഞൂറ് ഗ്രാമിനു മുകളിൽ സ്വർണം കൈവശമുള്ളവർ അതിന്റെ വിവരങ്ങൾ സർക്കാരിന് കൈമാറണം. സ്വർണത്തിന് നിയന്ത്രണം വരുന്നതോടെ ആളുകൾ സ്വർണം വാങ്ങുന്നതിന്റെ അളവ് കുറക്കാനാണ് സാധ്യത. ഇങ്ങനെയായാൽ ജ്വല്ലറികൾ അടച്ച്പൂട്ടേണ്ടി വരും. അഞ്ഞൂറ് ഗ്രാം എന്ന് പറഞ്ഞാൽ 62 പവൻ ആണ്. ഇന്നത്തെ നിലവാരം അനുസരിച്ച് 62 പവനു പതിനാലുലക്ഷം രൂപ മതിക്കും.
സ്വർണത്തിനു പുറമേ ഭൂമിയിൽ കൈകടത്താനാണ് മോദി സർക്കാരിന്റെ ശ്രമം. കള്ളപ്പണം ഭൂമിയിലും സ്വർണത്തിലുമാണ് കൂടുതലായി നിക്ഷേപിക്കുന്നത്. അത് തടയാനുള്ള ശ്രമമാണു അടുത്ത ഘട്ടം. സ്വർണം കഴിഞ്ഞാൽ ഭൂമിയുടെ ക്രയവിക്രയത്തിലും കടുത്ത നിയന്ത്രങ്ങൾ വന്നേക്കും. അതോടെ റിയൽ എസ്റ്റേറ്റുകാരും പാപ്പരാവും.
ഭാരത സർക്കാർ ആദ്യമായി പുറത്തിറക്കുന്ന സ്വർണനാണയം അഞ്ച് ഗ്രാം , പത്ത് ഗ്രാം , ഇരുപത് ഗ്രാം എന്നീ തൂക്കത്തിൽ വാങ്ങാൻ കഴിയും. ബി ഐ എസ് ഹോൾമാർക്ക് ചെയ്ത 24 കാരറ്റ് സ്വർണനാണയമാണ് പുറത്തിറക്കുക. എളുപ്പത്തിൽ പണമാക്കാൻ കഴിയുന്ന നാണയത്തിന്റെ ഒരു പുറത്ത് അശോക ചക്രവും മറുപുറത്ത് ഗാന്ധിജിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട് .