വിഎസ് യെച്ചൂരിയെ കണ്ടു; സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടരുന്നു

സിപിഎം , വിഎസ് അച്യുതാനന്ദന്‍ , സീതാറാം യെച്ചൂരി , വിഎസ്
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 6 ജൂണ്‍ 2015 (13:16 IST)
ഇന്നു രാവിലെ ആരംഭിച്ച സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗമാണു ചേരുന്നത്. യോഗത്തിന് മുന്നോടിയായി വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി.

സിപിഎം ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കേണ്ട ചുമതലകളാണ് പ്രധാനചര്‍ച്ച വിഷയം. കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യുറോ അംഗങ്ങളുടെ ചുമതല യോഗത്തില്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ പിബി തയ്യാറാക്കിയ നിര്‍ദ്ദേശം കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ വെക്കും. പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ വിഎസും കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കും. മുന്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെയുള്ള വിഎസിന്റെ പരസ്യ വിമര്‍ശനം കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തനിക്കെതിരായ സെക്രട്ടറിയേറ്റ് പ്രമേയത്തിനമേലുള്ള അതൃപ്‍തി വിഎസ് കേന്ദ്രകമ്മിറ്റിയെ അറിയിക്കും. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മിഷന്റെ തുടര്‍നടപടികളിലും യോഗത്തില്‍ തീരുമാനമെടുക്കും.

വെള്ളിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ ഏഴുമണിയോടെ തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിഎസും യെച്ചൂരിയും വെളിപ്പെടുത്തിയില്ല. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് ചര്‍ച്ചക്ക് ശേഷം യെച്ചൂരിക്കൊപ്പം പുറത്തിറങ്ങിയ വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വിഎസ് മറുപടി നല്‍കിയില്ല. അതേസമയം കൂടിക്കാഴ്ചയില്‍ അസാധാരണമായി ഒന്നും ഇല്ലെന്ന് യെച്ചൂരി പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :