അതിഥി തൊഴിലാളികളുമായി പോയ ബസ് തമിഴ്‌നാട് തിരിച്ചയച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 18 മെയ് 2021 (12:30 IST)
പാലക്കാട്: കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാരണം അതിഥി തൊഴിലാളികള്‍ മിക്കവാരും സംസ്ഥാനം വിട്ട് സ്വന്തം സ്ഥലത്തേക്ക് പോവുകയാണിപ്പോള്‍.
ഇത്തരത്തില്‍ പെരുമ്പാവൂരില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയ തൊഴിലാളികള്‍ നിറഞ്ഞ ബസുകള്‍ തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചു.

ഇത്തരത്തില്‍ 123 തൊഴിലാളികള്‍ ഉണ്ടായിരുന്ന നാല് ബസുകളാണ് വാളയാറിലെ ചാവടിയില്‍ വച്ച് തിരിച്ചയച്ചത്. വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ പുതുക്കിയിട്ടില്ലെന്നും അതിനാല്‍ ഇരട്ടി പിഴ ഈടാക്കുമെന്നും അധികാരികള്‍ അറിയിച്ചു. ഇതുകൂടാതെ ഇവരുടെ പാസില്‍ വാളയാറിനു പകരം മറ്റു നാല് അതിര്‍ത്തി സ്ലോട്ടുകളാണ് രേഖപ്പെടുത്തത്തിയിരിക്കുന്നതെന്നും തമിഴ്നാട് പോലീസ് അറിയിച്ചു.

ബസുകള്‍ തടഞ്ഞതോടെ അതിലെ ജീവനക്കാരും ബസിലുണ്ടായിരുന്ന അതിഥി തൊഴിലാളികളും പ്രതിഷേധിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ പ്രശ്‌നമുണ്ടാക്കിയാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞതോടെ ബസുകള്‍ തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് മടങ്ങി. എന്നാല്‍ തങ്ങളുടെ ബസ് പെര്‍മിറ്റ് പുതുക്കിയിട്ടുണ്ടെന്നും തമിഴ്നാട് പോലീസ് മനഃപൂര്‍വം കടത്തിവിടാത്തതാണെന്നും ബസ് ജീവനക്കാര്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :