കഴുത്തോളം വെള്ളത്തിൽ കുഞ്ഞിനെയും ഉയർത്തിപ്പിടിച്ച് പൊലീസുകാരൻ നടന്നത് ഒന്നര കിലോമീറ്റർ

Last Updated: വെള്ളി, 2 ഓഗസ്റ്റ് 2019 (13:37 IST)
വഡോദര; വെള്ളപ്പൊക്കത്തിൽനിന്നും പിഞ്ചു കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കുഞ്ഞിനെയും ഉയർത്തിപ്പിടിച്ച് കഴുത്തറ്റം വെള്ളത്തിൽ പൊലീസ് ഇൻസ്പെക്ടർ നടന്നത് ഒന്നര കിലോമീറ്റർ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗോവിന്ദ് ചൗഡ എന്ന ഇൻസ്പെ‌കടറാണ് കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തിൽ സുരക്ഷിതമായി കിടത്തി കഴുത്തറ്റം വെള്ളത്തിലൂടെ നടന്നു നീങ്ങിയത്.

കനത്തമഴയെ തുടർന്ന് ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. വെള്ളം പൊങ്ങിയതോടെ വിശ്വാമിത്ര റെയിൽവേസ്റ്റേഷന് സമീപത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടെ സ്ത്രീയും കുഞ്ഞും വീടിനുള്ളിൽ ഒറ്റപ്പെട്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തേക്ക് ഓടിയെത്തി.

കുഞ്ഞിനെ കയ്യിൽപ്പിടിച്ച് കൊണ്ടുപോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ, ഒന്നര വയസുകാരിയെ തുണിയിൽ പൊതിഞ്ഞ് സുരക്ഷിതമായി പ്ലാസ്റ്റിക് പാത്രത്തിൽ കിടത്തി. ഈ പാത്രവും ഉയർത്തിപ്പിടിച്ച് ഇൻസ്പെക്ടർ വെള്ളക്കെട്ടിലൂടെ നടന്നിനീങ്ങുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ ഗുജറാത്ത് എഡി‌ജിപി ഷാംഷെർ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് ഇൻസ്‌പെക്ടറെ അനുമോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :