ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് അധ്യക്ഷനായാൽ 24 മണിക്കൂറിനകം പാർട്ടി പിളരും; നട്‌വർ സിങ്

134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Last Modified തിങ്കള്‍, 22 ജൂലൈ 2019 (13:54 IST)
ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പിളരുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ്. രാഹുല്‍ ഗാന്ധിയുടെ രാജിയോടെ പാര്‍ട്ടിയുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. പാര്‍ട്ടി ശക്തമായി തുടരണമെങ്കില്‍ ഏറ്റവും നേരത്തെ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണം. 134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്ക വരുമോ എന്ന ചോദ്യത്തിന് അത് പ്രിയങ്കയെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി. പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവരെ പൊലീസ് തടഞ്ഞുവച്ചതും വന്‍ വിവാദമായിരുന്നു.

പാര്‍ട്ടിയെ നയിക്കാനുള്ള പ്രിയങ്കയുടെ പ്രാഗത്ഭ്യമാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് നട്‌വര്‍ സിങ് പറഞ്ഞു. അതേസമയം നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തരുതെന്നാണു രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നതെന്നും ഈ തീരുമാനം മാറ്റാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിയങ്ക നൂറു ശതമാനം സ്വീകാര്യയാണെന്നും അവര്‍ തന്നെ അധ്യക്ഷയാകണമെന്നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റാരെങ്കിലും നേതൃത്വത്തിലേക്കു വന്നാല്‍ എതിര്‍പ്പുകളുണ്ടാമെന്നും പാര്‍ട്ടി അസ്ഥിരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ രാജിവച്ച് 50 ദിവസം പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലും ഗോവയിലും ഉടലെടുത്ത പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുടലെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :