രേണുക വേണു|
Last Modified ബുധന്‍, 6 ഡിസംബര്‍ 2023 (10:21 IST)
INDIA Alliance: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി ഒരു ബദല്‍ നടക്കില്ലെന്നാണ് മിക്ക പാര്‍ട്ടികളുടെയും അഭിപ്രായം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെതിരെ മറ്റു പാര്‍ട്ടികള്‍ രംഗത്തെത്തിയത്. രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവാണ് കോണ്‍ഗ്രസിനു തിരിച്ചടിയായതെന്ന് 'ഇന്ത്യ' മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് അഭിപ്രായമുണ്ട്. ഗ്രൂപ്പിസം കാരണം സ്വന്തം പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന നേതാക്കള്‍ ഉള്ളപ്പോള്‍ കോണ്‍ഗ്രസിനെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നാണ് പലരുടെയും ചോദ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളെയോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനോട് മറ്റ് പാര്‍ട്ടികള്‍ക്ക് യോജിപ്പില്ല. മമത ബാനര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി കസേരയില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് മമതയെ അംഗീകരിക്കാന്‍ സാധ്യത കുറവാണ്. ബിജെപിക്കെതിരെ പോരാടുന്നതില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് അമ്പേ പരാജയമാണെന്ന വിമര്‍ശനം പലര്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിനെ അംഗീകരിക്കാന്‍ 'ഇന്ത്യ' മുന്നണിയിലെ മറ്റാരും തയ്യാറല്ല.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെയുടെ വീട്ടില്‍ ഇന്ന് 'ഇന്ത്യ' മുന്നണി നേതാക്കളുടെ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് തന്നെയാണ് മറ്റ് നേതാക്കളെ ഇതിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ യോഗത്തിലേക്ക് എത്തില്ലെന്ന് അറിയിച്ചു. ഇതോടെ യോഗം മാറ്റേണ്ടി വന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന 'ഇന്ത്യ' മുന്നണി യോഗം പ്രമുഖ നേതാക്കള്‍ ബഹിഷ്‌കരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.