ചൈനയുടെ എതിര്‍പ്പിന് പുല്ലുവില, മലബാര്‍ നാവികാഭ്യാസവുമായി ഇന്ത്യ മുന്നോട്ട്

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 23 ജൂലൈ 2015 (11:53 IST)
ജപ്പാനോടും യു.എസിനോടും കൈകോര്‍ത്ത് ഇന്ത്യന്‍ മാഹാമസുദ്രത്തില്‍ സംയുക്ത നാവിക അഭ്യാസത്തിന് തയാറെടുക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിക്കുന്നതിനുള്ള ചൈനയുടെ ശ്രമത്തിനെതിരെയാണ് ഇന്ത്യയുടെ നീക്കം. ഒക്ടോബറിലാണ് ഇന്ത്യൻ മഹാസമുദ്രത്തെ സാക്ഷിയാക്കിക്കൊണ്ടുള്ള അഭ്യാസപ്രകടനമെന്ന് സൈനിക, നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.

എട്ടു വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക അഭ്യാസങ്ങൾ നടത്തിയത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന നാവികാഭ്യാസമാണ് വീണ്ടും തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിന് ‘മലബാര്‍ 2015’ എന്ന പേരിലുള്ള നാവിക അഭ്യാസപ്രകടനമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തുക.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മൂന്നു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ടോക്കിയോവിലെ യു.എസ് നേവല്‍ ബേസില്‍ യോഗം ചേരുമെന്ന് നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തുന്ന നാവിക അഭ്യാസത്തില്‍ ഏതൊക്കെ യുദ്ധവിമാനങ്ങളും ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്നത് ഈ യോഗത്തില്‍ തീരുമാനിക്കും. ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിക്കുന്നതിനായാണ് കഴിഞ്ഞ കുറച്ചുനാളുകളായി ചൈനയുടെ ശ്രമം. ഇതിനെ ചെറുക്കുന്നതിനും സമുദ്രത്തിലെ സ്ഥാനം പിടിച്ചെടുക്കുന്നതിനും ശക്തി പ്രകടിപ്പിക്കുന്നതിനുമാണ് ഇന്ത്യ ശ്രമിക്കുന്നത്. യുഎസിനൊപ്പം ജപ്പാനുമായും കൈകോർക്കുന്നത് സമുദ്രസുരക്ഷ ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് സഹായകമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :