പതിനൊന്നാം മാസത്തില്‍ നല്‍കിയ വിവാഹ വാഗ്ദാനം ലംഘിച്ചു, യുവതിക്ക് 16 ലക്ഷം പിഴ!

ജോധ്പൂര്‍| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (16:20 IST)
പതിനൊന്നാം മാസത്തില്‍ മാതാപിതാക്കള്‍ നല്‍കിയ വിവാഹവാഗ്ദാനം പാലിക്കാത്തതിന് പെണ്‍കുട്ടിക്ക് ഗ്രാമപഞ്ചായത്ത് 16 ലക്ഷം പിഴ വിധിച്ചു. ഒരു വയസ്സു തികയും മുമ്പെ അച്ഛനമ്മമാര്‍ നല്‍കിയ വിവാഹവാഗ്ദാനം പാലിക്കാന്‍ സമ്മതിക്കാതിരുന്നതിനാണ് യുവതിക്ക് ഗ്രാമപഞ്ചായത്ത് പിഴ വിധിച്ച് സമുദായ്ത്തില്‍ നിന്ന് പുറത്താക്കിയത്. ജോധ്പൂരിനടുത്ത് ലൂനി താലൂക്കിലെ രോഹിച്ചന്‍ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. ശാന്താദേവി മേഖ് വാള്‍ എന്ന യുവതിക്കാണ് പഞ്ചായത്ത് ശിക്ഷവിധിച്ചത്.

ബുദ്ധിയുറയ്ക്കുന്നതിനു മുമ്പ് തന്നെ വിവാഹം ചെയ്ത് നല്‍കാമെന്ന്‍ വാഗ്ദാനം നല്‍കിയ കാര്യം യുവതി അറിയുന്നത് മൂന്ന് വര്‍ഷം മുമ്പാണ്. തുടര്‍ന്ന് വിവാഹം ഒഴിയുന്നതായി അറിയിക്കുകയായിരുന്നു. എന്നാല്‍ വാഗ്ദാനം പാലിക്കാനും വിവാഹം തുടരാനും പെണ്‍കുട്ടിക്കുമേല്‍ ഭര്‍തൃവീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തുകയും വിഷയം പഞ്ചായത്തിനു മുന്നിലെത്തുകയും ചെയുതു. എന്നാല്‍ യുവതിക്ക് വിരുദ്ധമായാണ് പഞ്ചായത്ത് തീരുമാനമെടുത്തത്.

കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കള്‍ നടത്തിയ ചടങ്ങ് പാലിക്കാന്‍ തനിക്ക് ബാധ്യതയില്ല എന്ന് യുവതി നിലപാടെടുത്തു. ഇത് പഞ്ചായത്തിനെ പ്രകോപിപ്പിക്കുകയും 16 ലക്ഷം രൂപ പിഴയിടുകയും സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ കല്പിക്കുകയും ചെയ്തു. ഇതിനെതിരെ യുവതി സാരഥി ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയെ സമീപിച്ച യുവതി നിയമസഹായം തേടി. പഞ്ചായത്തിനെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് സാരഥി ട്രസ്റ്റ് ഇപ്പോള്‍. ശാന്താദേവി ഇപ്പോള്‍ കോളേജ് വിദ്യാര്‍ഥിനിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :