Last Modified വ്യാഴം, 18 ജൂലൈ 2019 (12:56 IST)
ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ. ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്‌നം പരിഹരിച്ചതായും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്‌നമായത്.
ഇന്നലെ മണിക്കൂറുകള്‍ നീണ്ട സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിച്ച് ഈ പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് പുതിയ വിക്ഷേപണ തിയതിയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്.
നേരത്തെ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 2.51നാണു വിക്ഷേപണത്തീയതി നിശ്ചയിച്ചിരുന്നത്. ഇതിനുമുന്നോടിയായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ ഞായറാഴ്ച രാവിലെ 6.51 മുതല്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. ഒരു മണിക്കൂര്‍ 56 സെക്കന്ഡുകള്ക്കുമുന്പ് ദൗത്യം പിന്‍വലിച്ചതായി ഇസ്രോ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
ജനുവരി ആദ്യവാരമാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണത്തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇതു ജൂലൈ 15 ലേക്കു മാറ്റുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നു ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റാണ് ചന്ദ്രയാന്‍ രണ്ട് ഉപഗ്രഹത്തെ 54 ദിവസത്തെ യാത്രയ്ക്കൊടുവില്‍ ചന്ദ്രോപരിതലത്തിലെത്തിക്കുന്നത്.