മഹാരാഷ്ട്ര; ഓപ്പറേഷൻ താമരയിൽ പൊലിഞ്ഞ് കോൺഗ്രസ്, വിശ്വാസവോട്ടെടുപ്പിൽ കളി മാറും?

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2019 (08:24 IST)
അർധരാത്രിയിലെ ഓപ്പറേഷൻ താമരയിലൂടെ മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെ അവരോധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ത്രികക്ഷി സഖ്യത്തിന്റെ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ കോടതി ഇന്ന് തീരുമാനമറിയിക്കും.

കേന്ദ്രമന്ത്രിസഭായോഗം ചേരാതെയാണ് രാഷ്ട്രപതിഭരണം പിന്‍വലിച്ചുകൊണ്ട് പുലര്‍ച്ചെ 5.47-ന് ഉത്തരവിറക്കിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്നതാണ് ഗവർണറുടെ നടപടി. രേഖകളൊന്നും ഇല്ലാതിരിക്കെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിഞ്ജ ചൊല്ലിയത് നിഗൂഢമാണെന്ന് ഹർജിയിൽ പറയുന്നു.

മഹാരാഷ്ട്രയിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള പദ്ധതിയിൽ എൻസിപി മേധാവി ശരദ് പവാർ ഉണ്ടെന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ ട്വീറ്റിലൂടെ സൂചനകൾ നൽകിയിരുന്നു. എന്നാൽ അജിത് പവാറിന്റെ വാക്കുകൾ തള്ളി ശരദ് പവാർ രംഗത്തെത്തി. അജിത് പവാറിന്റെ പ്രസ്താവന തെറ്റാണെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് ശരദ് പവാർ പ്രതികരിച്ചു.

അതേസമയം, വിശ്വാസ വോട്ടെടുപ്പിന് മുമ്പായി പരമാവധി എൻസിപി, കോൺഗ്രസ് , ശിവസേന എംഎൽഎമാരെ ബിജെപി പാളയത്തിൽ എത്തിക്കാൻ നാല് ബിജെപി നേതാക്കളെ നിയോഗിച്ചതായി സൂചന. മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ലോട്ടസിന് നേതൃത്വം നൽകാൻ നാരായൺ റാണെ, രാധാകൃഷ്ണ വിഖേ പാട്ടിൽ, ഗണേശ് നായിക്,ബാബന്റാവു പാച്പുതെ എന്നിവരെ നേതൃത്വം ചുമതലപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :