ന്യൂഡല്‍ഹി|
Last Modified വെള്ളി, 21 നവംബര്‍ 2014 (11:22 IST)
സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടും. 2ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍നിന്ന് ഒഴിവാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി. സിന്‍ഹയ്ക്കെതിരേ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും.
പ്രതികളില്‍ ചിലരെ രക്ഷപ്പെടുത്താന്‍ രഞ്ജിത് സിന്‍ഹ ശ്രമിക്കുന്നുവെന്ന ആരോപണം പ്രഥമ ദൃഷ്ട്യാ വിശ്വസനീയമാണെന്നു വിലയിരുത്തിയായിരുന്നു ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍നിന്ന് ഒഴിവാകാന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയോടു നിര്‍ദ്ദേശിച്ചത്.
റിലന്‍യസ് ടെലികോമിന്റെയും മറ്റും പ്രതിനിധികള്‍ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സിപിഐഎല്‍) എന്ന സംഘടനയാണ് പൊതുതാല്പര്യ ഹര്‍ജിയിലൂടെ ആരോപിച്ചത്. സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സിന്‍ഹയുടെ വസതിയില്‍ സൂക്ഷിച്ചിട്ടുള്ള പുസ്തകത്തിന്റെ പകര്‍പ്പ് തെളിവായി ഹര്‍ജിക്കാരുടെ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഹാജരാക്കിയിരുന്നു.
തെളിവുകള്‍
വിശ്വസനീയവും അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് വിലയിരുത്തിയ കോടതി, കേസില്‍നിന്നു സിന്‍ഹയെ ഒഴിവാക്കുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാത്തത് സിബിഐയുടെ പ്രതിച്ഛായയെക്കരുതിയാണെന്നും വ്യക്തമാക്കി.