പനീര്‍‌ശെല്‍‌വത്തിന് തമിഴ്‌നാടിനെ മുന്നോട്ടുനയിക്കാന്‍ കഴിയുമോ? ശശികല ഇടയുമോ?

തമിഴ്നാട് മുഖ്യമന്ത്രി പദത്തിലത്തെിയ ഒ. പനീര്‍സെല്‍വത്തിന് മുന്നില്‍ വെല്ലുവിളികളേറെ

സജിത്ത്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2016 (15:02 IST)
മൂന്നാം തവണ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലത്തെിയ ഒ. പനീര്‍സെല്‍വത്തിന് മുന്നില്‍ വെല്ലുവിളികളേറെ. നേരത്തേ രണ്ടു തവണ മുഖ്യമന്ത്രിയായി അധികാരമേറ്റത് ജയലളിതക്ക് ബദല്‍ സംവിധാനം മാത്രമായിരുന്നുവെങ്കില്‍ ഇത്തവണ അന്തരിച്ച ജയലളിതയുടെ പിന്‍‌ഗാമിയായാണ് പനീര്‍ ശെല്‍‌വം ഈ സ്ഥാനത്തെത്തിയിരിക്കുന്നത്. ആദ്യ രണ്ട് തവണയും
ജയലളിതയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു പനീര്‍ ശെല്‍‌വം പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇനി സ്വതന്ത്രമായി തീരുമാനമെടുക്കേണ്ട സാഹചര്യമാണ്‍ അദ്ദേഹത്തിന്റെ മുന്നിലുള്ളത്. ഈ മന്ത്രി സഭയ്ക്ക് നാലര വര്‍ഷക്കാലം ബാക്കിയുണ്ടെന്നതും അദ്ദേഹത്തിനു വെല്ലുവിളി ഉയര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മന്ത്രിമാരെയും നേതാക്കളെയും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ജയലളിതയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവരുടെ അഭാവത്തില്‍ ശശികലക്കും പനീര്‍ ശെല്‍വത്തിനും ഇതിന് കഴിയുമോയെന്ന ആശങ്കയും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. അതിനിടെ ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയെ നയിക്കാന്‍ അജിത് രാഷ്ട്രീയത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ജയലളിതയുടെ വ്യക്തിപ്രഭാവത്തിന് അടുത്തുപോലുമെത്താന്‍ പനീര്‍ശെല്‍വത്തിന് കഴിയില്ല എന്നതും ആശങ്ക ഉളവാക്കുന്നുണ്ട്.

അതോടൊപ്പംതന്നെ ഇനിയുള്ള രാഷ്ട്രീയ കാര്യങ്ങളില്‍ ജയലളിതയുടെ ഉറ്റ തോഴിയായ ശശികലയുടെ റോള്‍ എന്തായിരിക്കുമെന്ന ചോദ്യവും തമിഴകത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സംഘടനയിലും ഭരണത്തിലും അവരുടെ ഇടപെടല്‍ എന്തായിരിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റു നോക്കുന്നുണ്ട്. ചെന്നൈ റോയപേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് എം.എല്‍.എമാരുടെ യോഗത്തില്‍ ഐകകണ്ഠ്യേനയായിരുന്നു പനീര്‍ ശെല്‍വത്തെ തെരഞ്ഞെടുത്തത്. എങ്കിലും അതിന് മുമ്പ് ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്ന കാര്യത്തില്‍ കുടുംബത്തിലും പാര്‍ട്ടി നേതൃത്വത്തിലും ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ശശികല ഉള്‍പ്പെടെയുള്ള വിഭാഗമാണ് പനീര്‍ശെല്‍വത്തെ ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ മറ്റൊരു വിഭാഗം പൊതുമരാമത്ത് മന്ത്രിയായ എടപാടി പളനിച്ചാമിയുടെ പേര് ഉയര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമ്മാക്കുന്നു. തിങ്കളാഴ്ച രാത്രി നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാതെ പനീര്‍ ശെല്‍‌വവും പളനിച്ചാമിയും അപ്പോളോ ആശുപത്രിയില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ഭിന്നത പുറത്തറിയാതിരിക്കാന്‍ പനീര്‍ ശെല്‍‌വവും പളനിച്ചാമിയും പിന്നീട് ഒരേ വാഹനത്തിലാണ് എം.എല്‍.എമാരുടെ യോഗത്തിലത്തെിയത്. എന്തുതന്നെയായാലും തമിഴ് രാഷ്ട്രീയം ഇനിയെന്താകുമെന്ന് കാത്തിരുന്നു കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :