Last Modified വ്യാഴം, 11 ജൂലൈ 2019 (15:30 IST)
യുവതിയുടെ
15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥന് പിടിയിൽ ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണവും വജ്രവുമടങ്ങിയ ബാഗ് നരേഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥന് മോഷ്ടിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രീനഗറിലേക്ക് പോകുന്നതിനായി ഭര്‍ത്താവിനെ കാത്തിരിക്കുന്നതിനിടെയാണ് യുവതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഭര്‍ത്താവിനെ പ്രതീക്ഷിച്ച് കസേരയില്‍ ഇരിക്കുകയായിരുന്നു യുവതി. ആഭരണങ്ങളടങ്ങിയ ബാഗ് ഇവര്‍ കസേരയുടെ താഴെ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അഞ്ചുമിനിറ്റുകള്‍ കഴിഞ്ഞ് നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്ന് ഐജിഐ എയര്‍പോര്‍ട്ട്
ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസും സിഐഎസ്എഫും ചേര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബിഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നരേഷ് കുമാര്‍ ബാഗ് മോഷ്ടിക്കുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബഗ്ഡോറയിലേക്കുള്ള വിമാനത്തില്‍ പോകുവാന്‍ കാത്തുനിന്ന നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.