ഇരയും പ്രതിയും വിവാഹിതരായി; ബലാത്സംഗ കേസ് കോടതി റദ്ദാക്കി

കഴിഞ്ഞ വര്‍ഷമാണ് ഇര, പ്രതിക്കെതിരെ ബലാത്സംഗവും വഞ്ചനയും ആരോപിച്ച് മുംബൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Last Modified ശനി, 11 മെയ് 2019 (13:59 IST)
ഇരയും പ്രതിയും വിവാഹിതരായതിനെ തുടര്‍ന്ന് ബലാത്സംഗക്കേസ് റദ്ദാക്കി. ബോംബെ ഹൈക്കോടതിയാണ് കേസ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ രഞ്ജിത്ത് മോറെ, ഭാരതി ദാംഗ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് എഫ്ഐആര്‍ റദ്ദാക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് ഇര, പ്രതിക്കെതിരെ ബലാത്സംഗവും വഞ്ചനയും ആരോപിച്ച് മുംബൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍വാങ്ങിയതോടെയാണ് പരാതി നല്‍കിയതെന്നും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചുവെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചു.

ജനുവരിയിലാണ് ഇവര്‍ വിവാഹിതരായത്. ഇതോടെ കേസ് റദ്ദാക്കണമെന്ന് പ്രതി കോടതിയോട് അപേക്ഷിച്ചു. ഇരയും ഇതേ ആവശ്യം ഉന്നയിച്ചു. സംഭവം നടക്കുമ്പോള്‍ പരസ്പര സമ്മതത്തോടെയായിരുന്നു തങ്ങളുടെ ബന്ധം. തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.

ഇരയും പ്രതിയും രമ്യതയിലെത്തിയതുകൊണ്ടു മാത്രം ബലാത്സംഗ കേസ് റദ്ദാക്കരുതെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനായി കോടതി മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകളില്‍ കരുതലോടെയായിരിക്കണം കോടതികള്‍ വിവേചനാധികാരം ഉപയോഗിക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :